താരങ്ങളായ നാഗചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹം ഉടൻ നടക്കും. വിവാഹ നിശ്ചയം ഇന്നലെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ നടന്നു.നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന വിവാഹ വാർത്ത ഒൗദ്യോഗികമായി സ്ഥിരീകരിച്ചു. ഏറെനാളായി നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. 2023ൽ പ്രശസ്ത ഷെഫ് സുരേന്ദർ മോഹൻ ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചതോടെയാണ് ഗോസിപ്പുകൾ ശക്തമായത്. ലണ്ടനിൽ തന്റെ റസ്റ്റോറന്റ് സന്ദർശിക്കാൻ എത്തിയ നാഗചൈതന്യയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ കൈ കൊണ്ട് മുഖം മറച്ചിരിക്കുന്ന ശോഭിതയെ ആരാധകർ കണ്ടെത്തി.ഇരുവരും ഒരുമിച്ച് അഭിനയിക്കുകയോ സുഹൃത്തുക്കളായി ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടില്ല. ആഫ്രിക്കൻ യാത്രയിൽ ശോഭിതയോടൊപ്പം നാഗചൈതന്യ ഉണ്ടായിരുന്നുവെന്ന് ആരാധകർ പിന്നീട് കണ്ടെത്തി.
നാഗചൈതന്യയുടെ രണ്ടാം വിവാഹമാണ്. നാഗചൈതന്യയും നടി സാമന്തയും 2017 ൽ ആണ് വിവാഹിതരാകുന്നത്. നാലുവർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം 2021 ഒക്ടോബറിൽ ആയിരുന്നു വേർപിരിഞ്ഞത്. പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനം നടന്നത്. നാഗചൈതന്യയും സാമന്തയും വീണ്ടും ഒരുമിക്കുമെന്ന് ഇടക്കാലത്ത് പ്രചാരണങ്ങളുണ്ടായിരുന്നു. ശരീരത്തിൽ ഉണ്ടായിരുന്ന എൻ എന്ന ടാറ്റു അടുത്തിടെ സാമന്ത നീക്കം ചെയ്തതോടെ ഇരുവരും വീണ്ടും ഒരുമിക്കില്ലെന്ന് സ്ഥിരീകരണം ഉണ്ടായി. ബോളിവുഡ് താരമായ ശോഭിത ധുലിപാല മലയാളത്തിനും ഏറെ പരിചിതയാണ്.
ഗീതുമോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിലൂടെയാണ് ശോഭിത മലയാളത്തിലേക്ക് എത്തുന്നത്. ദുൽഖർ സൽമാൻ ചിത്രം കുറുപ്പിൽ ശാരദ എന്ന നായിക കഥാപാത്രമായി എത്തി മികച്ച പ്രകടനം കാഴ്ചവച്ചു. മങ്കിമാൻ എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ ഇൗവർഷം അരങ്ങേറ്റം കുറിച്ചു.