തിരുവനന്തപുരം: ക്വാറികൾ പ്രവർത്തിക്കുന്നതാണ് വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് മന്ത്രി പി.രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ 13 വർഷത്തിനിടെ കേരളത്തിലെ ക്വാറികളുടെ എണ്ണം 3104ൽ നിന്ന് 561 ആയി കുറഞ്ഞിട്ടുണ്ട്. 2011ൽ കേരളത്തിൽ 3104 ക്വാറികൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ 15 വർഷം വരെ കാലാവധിയുള്ള ക്വാറിയിംഗ് ലീസുള്ള 417 ക്വാറികളും 3 വർഷം വരെ ക്വാറിയിംഗ് പെർമിറ്റുള്ള 144 ക്വാറികളും മാത്രമാണ് പ്രവർത്തിക്കുന്നത്.
കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി തയ്യാറാക്കി നൽകിയ ഉരുൾപൊട്ടൽ സാദ്ധ്യത മേഖലയെ സംബന്ധിച്ചുള്ള ഹസാർഡ് സൊണേഷൻ മാപ്പ് നിലവിൽ വന്നതിനുശേഷം വകുപ്പ് ഇത്തരം പ്രദേശങ്ങളിൽ ഖനനാനുമതി നൽകിയിട്ടില്ല. പ്രവർത്തിച്ചിരുന്നവ നിറുത്തിവയ്ക്കുകയും ചെയ്തു.
അപേക്ഷാസ്ഥലം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ മാപ്പ് പ്രകാരം റെഡ് സോണിൽപെടുന്നില്ലെങ്കിൽ മാത്രമാണ് ക്വാറിക്ക് അനുവാദം നൽകുന്നത്. 45 ഡിഗ്രി ചരിവിൽ കൂടിയ പ്രദേശങ്ങളിലും അനുമതി നൽകാറില്ല. അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളെക്കുറിച്ച് വിവരം നൽകാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.