ബാലരാമപുരം: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ ആലുവിള –കല്ലമ്പലം റോഡിലെ ദുരിതയാത്രയ്ക്ക് പരിഹാരമായി. അഡ്വ.എം.വിൻസെന്റ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് റോഡിലെ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. കല്ലമ്പലം- ആലുവിള റോഡിൽ നൂറ് മീറ്ററോളം ഭാഗത്തെ നവീകരണമാണ് പുരോഗമിക്കുന്നത്. ഒരുമാസം മുമ്പ് കോൺഗ്രസ് പ്രവർത്തകർ ഈ റോഡിലെ വെള്ളക്കെട്ടിൽ താറാവിനെ ഇറക്കി പ്രതിഷേധിച്ചിരുന്നു. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് കേരളകൗമുദിയും നിരവധി വാർത്തകൾ നൽകിയിരുന്നു. നേമം യു.പി.എസ്, തലയൽ ഡി.വി.എൽ.പി.എസ്, ഡി.വി.യു.പി.എസ്, വിശ്വഭാരതി, ശ്രീവിവേകാനന്ദ, നസ്രത്ത് ഹോം, നേമം വിക്ടറി സ്കൂൾ, ജി.ആർ പബ്ലിക് സ്കൂൾ തുടങ്ങി നെയ്യാറ്റിൻകര താലൂക്കിലെ പ്രമുഖ എയിഡഡ് അൺ എയ്ഡഡ് സ്കൂളുകളിലെ വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്.
റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ സ്കൂൾ വാഹനങ്ങളും ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി സർവീസുകളും മുടങ്ങിയിരുന്നു. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പ്രതിഷേധം ശക്തമായതോടെ എം.എൽ.എയുടെ അടിയന്തര ഇടപെടലിൽ റോഡിന്റെ പുനരുദ്ധാരണം കഴിഞ്ഞ ദിവസം ആരംഭിക്കുകയായിരുന്നു.
ഗതാഗതയോഗ്യമാക്കി
ആലുവിള- കല്ലമ്പലം മുതൽ വില്ലിക്കുളം വരെയുള്ള റോഡിലെ അപകടക്കുഴികൾ കഴിഞ്ഞ ദിവസം നികത്തി ഗതാഗതയോഗ്യമാക്കി. ടാറിംഗ് ശനിയാഴ്ചയോടെ പൂർത്തീകരിക്കും. റോഡിന്റെ ശോച്യാവസ്ഥയും കൊവിഡ് മഹാമാരിയേയും തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് അഞ്ച് വർഷത്തോളം മുടങ്ങിയതിനാൽ ആലുവിള-കല്ലമ്പലം റോഡിൽ യാത്രാക്ലേശം പതിവായിരുന്നു.
ഓടയും നവീകരിക്കണം
നിലവിൽ സിറ്റി ഡിപ്പോയിൽ നിന്നു രാവിലെ 8നും വൈകിട്ട് 6 നും കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നുണ്ട്. ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിച്ച് ആധുനിക രീതിയിൽ റോഡ് നവീകരിക്കാനുള്ള പ്രോജക്ട് ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ട്. റോഡിന്റെ ഇരുഭാഗത്തേയും ഓടയും നവീകരിക്കേണ്ടതായുണ്ട്.