ko

കോവളം: കോവളം ഹൗവ്വാ ബീച്ചിനു സമീപം മുട്ടത്തറ സ്വദേശി സജിത്ത് കുമാർ നടത്തുന്ന സാന്റി ബീച്ച് ഹോട്ടലിലെ മൂന്നാം നിലയിലെ സ്റ്റോർ റൂമിൽ ഇന്നലെ ഉച്ചയ്ക്ക് 2ഓടെ തീപിടിച്ചു.മുറിയിൽ സൂക്ഷിച്ചിരുന്ന കുഷൻ ബെഡുകൾ,കയർ മാറ്റുകൾ,ഹോട്ടൽ ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചു.വിഴിഞ്ഞം ഫയർഫോഴ്സ് യൂണിറ്റ് കോവളം ബീച്ചിലെത്തിയെങ്കിലും വാഹന സൗകര്യമില്ലാത്തതിനാൽ 200 മീറ്ററോളം നടന്നാണ് സംഭവസ്ഥലത്തെത്തിയത്.കുഷൻ ഷീറ്റുകൾ കത്തിയതിനെ തുടർന്ന് ബീച്ചാകെ പുക കൊണ്ട് നിറഞ്ഞതും ഹോട്ടലിന്റെ മുകളിലേക്ക് കയറാൻ തടസമായതും ഫയർഫോഴ്സിനെ വലച്ചു.സമീപത്തെ ഒരു ഹോട്ടലിൽ നിന്ന് ഹോസ് കണക്ട് ചെയ്താണ് തീ കെടുത്തിയത്.കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറും ബീച്ചിൽ നിരീക്ഷണം നടത്തി.തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ രതീഷിന്റെ കാലിലെ ബൂട്ടിനുള്ളിലേക്ക് മൂർച്ചയേറിയ കമ്പി തുളച്ചുകയറി മുറിവേറ്റു.തുടർന്ന് ഇയാളെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.സ്റ്റേഷൻ ഓഫീസർ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള 13 പേരടങ്ങുന്ന സംഘമാണ് നേതൃത്വം നൽകിയത്.ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നും ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും കരുതുന്നു.

ചെറിയ വഴികളിൽ, രക്ഷാപ്രവർത്തനം ദുഷ്കരം

കോവളം ലൈറ്റ് ഹൗസ് ബീച്ചിന് സമീപത്തെ ഹോട്ടലിലെ മൂന്നാംനിലയിൽ തീപിടിത്തമുണ്ടായ വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് അധികൃതർക്ക് ഇവിടേക്കെത്താൻ നന്നേ ബുദ്ധിമുട്ടേണ്ടിവന്നു. ഇടുങ്ങിയ വഴികളിലൂടെ ഫയർഫോഴ്സിന്റെ വാഹനം എത്താത്തതിനെ തുടർന്ന് സമീപത്തെ ഹോട്ടലിലെ ഹോസ് ഉപയോഗിച്ചായിരുന്നു തീ നിയന്ത്രണവിധേയമാക്കിയത്.കോവളം ബീച്ചിനോടു ചേർന്ന് ടൈൽ പതിപ്പിച്ച ഒരു നടപ്പാത മാത്രമാണുള്ളത്. ഇതിന് സമീപത്തെ ഹോട്ടലുകളിൽ വേഗം എത്താൻ കഴിയുമെങ്കിലും പിറകുവശങ്ങളിലും മറ്റുമുള്ള കെട്ടിടങ്ങളിലേക്ക് പോകാൻ കഷ്ടിച്ച് ഒരാൾക്ക് നടന്നുപോകാൻ കഴിയുന്ന ഇടവഴികളാണുള്ളത്. ഈ സ്ഥലങ്ങളിലെ ഹോട്ടലുകളിൽ തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ഫയർഫോഴ്സിനോ ആംബുലൻസിനോ എത്താൻ കഴിയില്ല.തീപിടിത്തം നിയന്ത്രിക്കാനെത്തി കാലിൽ പരിക്കേറ്റ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രതീഷിനെ ആശുപത്രിയിലെത്തിക്കാൻ ഒരു കിലോമീറ്ററോളം ദൂരം മറ്റ് ഉദ്യോഗസ്ഥർ ചുമന്നാണ് വാഹനമുള്ളിടത്ത് എത്തിച്ചത്.