തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും തലസ്ഥാനത്തിന് വ്യാപാര-വാണിജ്യ ഉപഗ്രഹനഗരം നിർമ്മിക്കാനും ലക്ഷ്യമിട്ടുള്ള ഔട്ടർ റിംഗ് റോഡിന്റെ ഇരുവശത്തുമായി എട്ട് സാമ്പത്തിക മേഖലകളിലായി വരുന്നത് 34,000 കോടിയുടെ വികസനപദ്ധതികൾ. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 62.7കിലോമീറ്റർ പാതയുടെ വശങ്ങളിൽ ലോജിസ്റ്റിക് ഹബുകളും ഇക്കണോമിക്കൽ ആൻഡ് കൊമേഴ്സ്യൽ സോണുകളുമടക്കം ടൗൺഷിപ്പുകളും സാമ്പത്തിക-വാണിജ്യ-ലോജിസ്റ്റിക്സ്-ട്രാൻസ്‌പോർട്ട് സോണുകളുമുണ്ടാവും.

ഡൽഹിക്ക് ഗുഡ്ഗാവ് എന്നപോലെ പാതയുടെ ഇരുവശത്തുമായി നോളഡ്‌ജ് ഹബുകൾ, വ്യവസായ പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ, ആശുപത്രികൾ എന്നിവയോടെയാവും ഉപഗ്രഹനഗരം. രണ്ടരലക്ഷം തൊഴിലവസരങ്ങളുണ്ടാവും. ചൈനയിലെ ഷെൻസെങ് മാതൃകയും സ്വീകരിക്കും. റിംഗ് റോഡിനോട് ചേർന്ന് 414.59 ചതുരശ്ര കിലോമീറ്ററിലാണ് പദ്ധതികൾ. മലിനജല,​ ഖരമാലിന്യ സംസ്‌കരണം, ഗതാഗതം, ജലവിതരണം, ഡ്രെയിനേജ് സംവിധാനം, വൈദ്യുതി വിതരണം, ടെലികമ്മ്യൂണിക്കേഷൻ, വിവരസാങ്കേതിക വിദ്യ എന്നിവയിൽ അടിസ്ഥാനസൗകര്യങ്ങൾ കൂടും.

കേന്ദ്രത്തിന്റെ ക്യാപി​റ്റൽ റീജിയണൽ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് 45മീറ്റർ വീതിയിലുള്ള റോഡ്. ദേശീയപാത അതോറിട്ടിയാണ് നിർമ്മാണം. 24വില്ലേജുകളിൽ 281.8ഹെക്ടർ ഭൂമിയേറ്റെടുക്കണം. 11വില്ലേജുകളിൽ വിജ്ഞാപനമിറക്കി. ഭൂമിയേറ്റെടുത്താൽ 3വർഷത്തിനകം റോഡ്. യാത്രയ്ക്ക് ടോൾ നൽകണം. മൂന്ന് വലിയ പാലങ്ങൾ, 16ചെറിയപാലങ്ങൾ, 5വയഡക്ടുകൾ, 90അണ്ടർപാസുകളോ

ഓവർപാസുകളോ, 9ഫ്ലൈഓവറുകൾ, 54 പൈപ്പ് കൾവർട്ടുകൾ, 44ബോക്സ് കൾവർട്ടുകൾ എന്നിവ നിർമ്മിക്കണം. റിംഗ് റോഡിന്റെ തുടർച്ചയായി കടമ്പാട്ടുകോണത്തു നിന്നാരംഭിക്കുന്ന കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാതയും നിർമ്മിക്കുന്നതോടെ വിഴിഞ്ഞത്തു നിന്നുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാകും.

30 വർഷത്തെ ആവശ്യം
മുന്നിൽക്കണ്ട്


30വർഷത്തെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് മികച്ച ആസൂത്രണത്തോടെയാവും ഉപഗ്രഹനഗര നിർമ്മാണം

ബിസിനസ്,ആരോഗ്യം, കമ്മ്യൂണിക്കേഷൻ, ഐ.ടി, വിനോദം,കായികം മേഖലകൾ 24 മണിക്കൂറും

ഭൂമിയേറ്റെടുക്കുന്നതിനുള്ള ലാൻഡ്പൂളിംഗ്, ലാൻഡ്ബോണ്ടുകൾ, ലാൻഡ് മോണി​റ്റൈസേഷൻ സമ്പ്രദായങ്ങൾ

നോളഡ്ജ് സിറ്റി, വ്യവസായപാർക്കുകൾ. പാർപ്പിട സമുച്ചയങ്ങൾക്ക് സർക്കാർ ഭൂമിയേറ്റെടുത്ത് കൈമാറില്ല

തുക കോടിയിൽ

8000
ഔട്ടർറിംഗ് റോഡിന്റെ ചെലവ്


1629
സംസ്ഥാന വിഹിതം


477.30
സർവീസ് റോഡുകളുടെ നിർമ്മാണത്തിന്


930.41
ഭൂമിയേറ്റെടുക്കലിനുള്ള സംസ്ഥാനവിഹിതം

 സാമ്പത്തിക മേഖലകൾ
വിഴിഞ്ഞം, കോവളം, കാട്ടാക്കട,നെടുമങ്ങാട്, വെമ്പായം, മംഗലപുരം,കിളിമാനൂർ, കല്ലമ്പലം

''പശ്ചാത്തല വികസനമേഖലയിൽ വൻകുതിപ്പുണ്ടാവും. ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കും''


-പി.എ.മുഹമ്മദ് റിയാസ്, മന്ത്രി