മലയിൻകീഴ്: മാറനല്ലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ അടുത്തടുത്ത ദിവസങ്ങളിൽ മോഷണം. വണ്ടന്നൂർ പാപ്പാകോട് ശ്രീനാരായണ സാംസ്‌കാരിക ട്രസ്റ്റ് ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷ്ടാക്കൾ പണം കവർന്നു. ഗുരുമന്ദിരത്തിനു സമീപം കെ.എൽ.ഷാജിയുടേയും പാപ്പാകോട് പാൽക്കുന്ന് ഗോപകുമാറിന്റെയും വീട്ടിൽ നിന്ന് റബർ ഷീറ്റ് മോഷണം പോയിരുന്നു. കുരിശോട്ടുകോണത്തിനു സമീപം ഡാർലിംഗ് ഹൗസിൽ ഇടുക്കി ഫോറസ്റ്റ് ജീവനക്കാരനായ വിനോദിന്റെ വീട് കുത്തിത്തുറന്ന് സ്വർണം ഉൾപ്പെടെയുള്ളവ കവർന്ന സംഭവവുമുണ്ടായി. ഫോറൻസിക് സംഘം സ്ഥലത്തെത്തി വിരലടയാളങ്ങളും തെളിവുകളും ശേഖരിച്ചു.
ഇവിടെ അടിപിടിയും ലഹരി ഉപയോഗവും കൂടിയതോടെ കാട്ടാക്കട ഡിവൈ.എസ്.പിയുടെയും മാറനല്ലൂർ എസ്.എച്ച്.ഒയുടെയും നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ പങ്കെടുത്ത സർവകക്ഷി യോഗം ചേർന്നിരുന്നു. രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. എന്നാൽ സർവകക്ഷി യോഗത്തിനു ശേഷമാണ് മോഷണ പരമ്പര നടന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങൾ രാത്രിയിൽ കുരിശ്ശോട്ടുകോണം കുളത്തിനു സമീപം തമ്പടിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.