തിരുവനന്തപുരം: കാലാവധി പൂർത്തിയാകാൻ ഒരു വർഷം മാത്രം ശേഷിക്കേ, ജില്ലാ അടിസ്ഥാനത്തിലുള്ള എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്നത് 30 ശതമാനം നിയമനം മാത്രം. 2022 ഓഗസ്റ്റ് ഒന്നിന് നിലവിൽ വന്ന ലിസ്റ്റുകളിൽ 14 ജില്ലകളിലുമായി 23,518 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. അടുത്ത ജൂലായ് 31വരെയാണ് കാലാവധി.
ഇതുവരെ 7,488പേർക്ക് നിയമന ശുപാർശ നൽകിയെങ്കിലും ഇതിൽ 1,636 എണ്ണം എൻ.ജെ.ഡി ഒഴിവുകളിലാണ്. ഏറ്റവും കൂടുതൽ നിയമനം നടന്നത് തിരുവനന്തപുരം ജില്ലയിൽ- 847. കുറവ് കാസർകോട്ട്- 240. കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും നിയമന ശുപാർശ 500 കടന്നു. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 12,069 പേർക്ക് നിയമനം
നൽകിയിരുന്നു. ഇതിൽ തിരുവനന്തപുരം, എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആയിരത്തിലധികം പേർക്ക് നിയമനം കിട്ടി.
ജില്ല, നിയമന ശുപാർശ
തിരുവനന്തപുരം ---------------------847
കൊല്ലം -------------------------------------522
പത്തനംതിട്ട -----------------------------448
ആലപ്പുഴ -----------------------------------478
കോട്ടയം ----------------------------------495
ഇടുക്കി -------------------------------------370
എറണാകുളം ---------------------------763
തൃശൂർ -------------------------------------637
പാലക്കാട് --------------------------------578
മലപ്പുറം ------------------------------------672
കോഴിക്കോട് ---------------------------563
വയനാട് ----------------------------------267
കണ്ണൂർ -------------------------------------607
കാസർകോട് ----------------------------240
ഫാം ലൈസൻസിംഗ് ചട്ടങ്ങൾ പരിഷ്കരിച്ചു,
10 പശുക്കളെ വളർത്താൻ ഇനി ലൈസൻസ് വേണ്ട
തിരുവനന്തപുരം: 2012 ലെ കേരള പഞ്ചായത്ത് രാജ് ചട്ടപ്രകാരമുള്ള ഫാം ലൈസൻസ് ചട്ടങ്ങളിൽ തദ്ദേശവകുപ്പ് ഭേദഗതി വരുത്തിയതോടെ 10 പശുക്കളെ വളർത്താൻ ഇനി മുതൽ ലൈസൻസ് വേണ്ട. 50 ആടുകളെ വളർത്തുന്ന ഫാമുകൾക്കും ലൈസൻസ് ആവശ്യമില്ല. ലൈസൻസ് നേടാനുള്ള നൂലാമാലകൾ കാരണം മൃഗസംരക്ഷണ മേഖലയിൽ നിന്നും നിരവധിപേർ പിൻവാങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം.
50 മുയലുകൾ, 500 കോഴികൾ,1000 കാടക്കോഴി, 50 ടർക്കി, 15 എമു , 2 ഒട്ടകപ്പക്ഷി എന്നിവ വളർത്താൻ ഇനിമുതൽ ലൈസൻസ് വേണ്ട. 5 പന്നികളെ വളർത്തുന്ന ഫാമുകൾക്ക് ലൈസൻസ് ആവശ്യമില്ലെന്ന നിലവിലെ നിബന്ധനയിൽ മാറ്റം വരുത്തിയിട്ടില്ല. പൊതുജനങ്ങൾക്ക് ശല്യമുണ്ടാകാതെ ഫാമിലെ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. പന്നിഫാമുകളുമായി ബന്ധപ്പെട്ട മാലിന്യ നിർമ്മാർജനം, തീറ്റ ലഭ്യമാക്കൽ എന്നിവ സംബന്ധിച്ച് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയ ചട്ടത്തിലുണ്ട്. മുൻസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും ഫാം ലൈസൻസ് ചട്ട നിർമ്മാണം, കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ പരിഷ്കരണം എന്നിവയ്ക്കും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ മൃഗസംരക്ഷണ ക്ഷീരവികസന, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാർ നടത്തിയ യോഗത്തിൽ തീരുമാനമായി.