തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്‌റ്റിൽ രോഗി 42മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട് അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷൻ മടക്കി. ലിഫ്‌റ്റിലകപ്പെട്ട രോഗിയെ പുറത്തിറക്കിയ സമയവും തീയതിയും രേഖപ്പെടുത്താതെ റിപ്പോർട്ട് സമർപ്പിച്ചത് ശരിയായില്ലെന്നും ഇത് ഗൗരവമായി കാണുമെന്നും കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വ്യക്തമാക്കി. ഇക്കാര്യങ്ങൾ വ്യക്തമാക്കി 10 ദിവസത്തിനകം തുടർറിപ്പോർട്ട് സമർപ്പിക്കാനും സൂപ്രണ്ടിനോട് നിർദ്ദേശിച്ചു.
രോഗിയെ രക്ഷപ്പെടുത്തിയ ദിവസം ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും പ്രവർത്തിച്ചിട്ടുണ്ടോയെന്നും ലിഫ്റ്റ് ഓപ്പറേറ്റർമാരുടെ സേവനം ലഭ്യമായിരുന്നോ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജൂലായ് 13ന് അസ്ഥിരോഗ വിഭാഗത്തിലെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ (59)പരിശോധനാഫലം ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലെത്തിയപ്പോഴാണ് ലിഫ്‌റ്റിൽ കുടുങ്ങിയത്. ഒ.പി ലിഫ്‌റ്റിന്റെ ചുമതലയുണ്ടായിരുന്ന മുരുകൻ,കെ.എസ്.ആദർശ്, മേൽനോട്ടച്ചുമതലയുള്ള ഡ്യൂട്ടി സാർജന്റ് രജീഷ് എന്നിവരെ സർവീസിൽ നിന്ന് മാറ്റിനിറുത്തി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇലക്ട്രിക്കൽ വിംഗ് എ.ഇ, എസ്റ്റേറ്റ് ഓഫീസർ, നഴ്സിംഗ് ഓഫീസർ, ഒമേഗ എലിവേറ്റേഴ്സ് എന്നിവരെ ഉൾപ്പെടുത്തി യോഗം ചേരുമെന്നും റിപ്പോർട്ടിലുണ്ട്.
വീഴ്ചകൾ അംഗീകരിച്ച് റിപ്പോർട്ട്
നാലടി മുകളിലേക്ക് പോയ ലിഫ്‌റ്റ് നിന്നു, രോഗി അലാറം അടിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല
ലിഫ്‌റ്റിന്റെ വാതിലുകൾക്കിടയിലൂടെ വെളിച്ചവും ഓക്‌സിജനും കിട്ടിയതിനാൽ രോഗി അബോധാവസ്ഥയിലായില്ല
രോഗിക്ക് പകലെന്നോ രാത്രിയെന്നോ തിരിച്ചറിയാനാകാത്ത സാഹചര്യമുണ്ടായി
പ്രാഥമികാവശ്യങ്ങൾ പോലും ലിഫ്‌റ്റിൽ നടത്തിയ നിലയിലാണ് രോഗിയെ രക്ഷപ്പെടുത്തിയത്