തിരുവനന്തപുരം:വയനാട് ഉരുൾപൊട്ടൽ സമാനതകളില്ലാത്ത ദുരന്തമാണെന്ന് തെന്നിന്ത്യൻ ചലച്ചിത്രതാരം ചിരഞ്ജീവി പറഞ്ഞു. ചിരഞ്ജീവിയും, മകനും നടനുമായ രാം ചരണും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയുടെ ചെക്ക് നൽകിയതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് താരം ചെക്ക് കൈമാറിയത്.വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലുണ്ടായ ദുരന്തം ഹൃദയഭേദകമാണ്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. അതിനാൽ എല്ലാവരും വയനാടിനൊപ്പം നിൽക്കണം. ദുരന്ത സമയം സജീവമായി പ്രവർത്തിച്ച സൈന്യത്തെയും തിരച്ചിൽ സംഘങ്ങളെയും ചിരഞ്ജീവി അഭിനന്ദിച്ചു. ഇത് ഭീകര ദുരന്തമാണ്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് വയനാടിന് ഏറെ സഹായകമാകും.ദുരന്തം അറിഞ്ഞപ്പോൾതന്നെ കേരളത്തിലേക്ക് പോയി പണം കൈമാറണമെന്ന് മകൻ രാം ചരൺ ആവശ്യപ്പെട്ടു.താൻ നൽകിയത് ചെറിയ തുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ തുക കൈമാറാൻ വേണ്ടിയാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്.തുടർന്ന് വൈകിട്ട് തന്നെ അദ്ദേഹം മടങ്ങി.