ശംഖുംമുഖം: മണക്കാട് മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ കയറി പൂജാരിയെ അറസ്റ്റുചെയ്ത സംഭവത്തിൽ പൂന്തുറ സി.ഐ എസ്.സന്തോഷിനെ കൊല്ലം ചിതറ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. പൂജാരിയെ അറസ്റ്റ് ചെയ്തതിൽ വീഴ്ചയുണ്ടായെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായിരുന്ന സന്തോഷിനെ ദിവസങ്ങൾക്കു മുമ്പ് കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിന്റെ കാരണക്കാരനായ സി.ഐക്കെതിരെയും നടപടിയുണ്ടായത്.
പൊലീസ് റിപ്പോർട്ടിൽ പരാമാർശമുണ്ടായിരുന്നെങ്കിലും സി.ഐയെ സംരക്ഷിക്കാൻ ഗ്രേഡ് എസ്.ഐക്കെതിരെ മാത്രം നടപടിയെടുത്തതിനെതിരേ ആക്ഷേപം ഉയർന്നിരുന്നു. പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവർന്നതുമായി ബന്ധപ്പെട്ട കേസിൽ മണക്കാട് കുര്യാത്തി മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പൂജാരിയായ അരുൺ പോറ്റിയെ, ക്ഷേത്രത്തിലെ പൂജയ്ക്കിടെ വിലങ്ങണിയിച്ച് കസ്റ്റഡിയിലെടുത്ത് പൂന്തുറ സ്റ്റേഷനിലെത്തിക്കുകയും പിന്നീട് വൈദ്യപരിശോധനക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇത് ഹൈന്ദവസംഘടകളുടെയും ക്ഷേത്രഭാരവാഹികളുടെയും ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് ഫോർട്ട് എ.സി.പി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണർ ഗ്രേഡ് എസ്.ഐ സ്ഥലംമാറ്റിയത്.
പൂന്തുറ ഭദ്രകാളി ക്ഷേത്രത്തിൽ അരുൺ പോറ്റി കുറച്ചുകാലം ജോലി ചെയ്തിരുന്നു. അതിന്റെ പേരിലാണ് ക്ഷേത്രത്തിൽ കയറി പൂജയ്ക്കിടെ പൂജാരിയെ അറസ്റ്റുചെയ്തത്. പൂന്തുറ സി.ഐ സന്തോഷിനെതിരേ നേരത്തെയും വലിയ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ വാഹനത്തിൽ കറങ്ങിനടന്ന് പെറ്റി പിടിക്കുന്നതിനെതിരെ കഴിഞ്ഞദിവസം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവം കേരള കൗമുദി വാർത്തയാക്കിയിരുന്നു.