പോത്തൻകോട്: സാമ്പത്തിക തട്ടിപ്പും റിയൽ എസ്റ്റേറ്റ് ബിസിനസും ഗുണ്ടാ ബന്ധവും കണ്ടെത്തിയതിനെ തുടർന്ന് സഹോദരികളായ വനിതാ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു. പേയാട് സ്വദേശിയും വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ സി.സി.പി.ഒയുമായ സംഗീത, സഹോദരിയും തൃശൂർ വനിതാ സെല്ലിൽ ജോലി ചെയ്യുന്ന സുനിത എന്നിവർക്കെതിരെയാണ് കേസെടുത്തത്. സുനിതയുടെ ഭർത്താവ് ജിപ്സൺ രാജ്, ശ്രീകാര്യം സ്വദേശി ആദർശ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബുവാണ് കേസിലെ ഒന്നാംപ്രതി.
കാട്ടായിക്കോണം ജയ് നഗർ ഗാർഡൻവ്യൂ പി.ജെ ഗാർഡൻസിൽ ആതിരയാണ് പൊലീസുകാരികൾക്കെതിരെ പരാതി നൽകിയത്. സൗഹൃദം നടിച്ച് വീട്ടമ്മയുടെ കുടുംബസുഹൃത്തായി മാറിയ ഇരുവരും വസ്തു വാങ്ങാനെന്നു പറഞ്ഞ് ആതിരയുടെയും ഭർത്താവിന്റെയും കൈയിൽ നിന്ന് പലപ്പോഴായി 19 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഉറപ്പിനായി തനിക്ക് രേഖകളും ചെക്കുകളും നൽകിയത് സംഗീതയും ജിപ്സൺ രാജുമായിരുന്നു. പല തവണ ഇവരെ ബന്ധപ്പെട്ടിട്ടും പണം തിരികെ നൽകാൻ തയ്യാറായില്ല. പറഞ്ഞ തീയതിയിൽ ബാങ്കിൽ കൊടുത്ത ചെക്കുകൾ മടങ്ങി. തുടർന്ന് ആതിര പണം തിരികെ ആവശ്യപ്പെട്ടതോടെ മാർച്ച് 4ന് ഗുണ്ടുകാട് സാബു ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്റുകളടക്കം തിരികെ നൽകണമെന്നും അല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു സാബുവിന്റെ ഭീഷണി. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞിട്ടും ഭീഷണി തുടർന്നു. കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാരസെല്ലിലും എസ്.പിക്കും പരാതികൾ നൽകിയതിനെ തുടർന്നാണ് കേസെടുക്കാൻ പൊലീസ് തയ്യാറായത്. ആദ്യം മലയിൻകീഴ് സ്റ്റേഷനിലേക്ക് അയച്ച പരാതി കഴിഞ്ഞ ദിവസമാണ് പോത്തൻകോട് സ്‌റ്റേഷനിലേക്ക് കൈമാറിയതും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും. റിയൽ എസ്‌റ്റേറ്റ് ബിസിനസിന് വേണ്ടിയാണ് സംഗീതയും സഹോദരി സുനിതയും പണം വാങ്ങിയതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പിന് പിന്നിൽ വൻ ഭൂമിക്കച്ചവട റാക്കറ്റ് ഉണ്ടെന്നാണ് പൊലീസിന്റെ സംശയം.