തിരുവനന്തപുരം: കള്ളപ്പണത്തിന് കേസെടുത്തെന്ന പേരിൽ ഓൺലൈനിലൂടെ പൊലീസ് ചമഞ്ഞെത്തിയവരെ നേരിട്ട് വീട്ടമ്മ. കേശവദാസപുരം സ്വദേശിയായ ജാൻസി മാമനെയാണ് തട്ടിപ്പുസംഘം കുടുക്കാൻ ശ്രമിച്ചത്. കേസിൽ കുടുക്കാതിരിക്കാൻ അഞ്ച് കോടി നൽകണമെന്നായിരുന്നു ആവശ്യം.
ജാൻസിയുടെ പേരിലുള്ള ആധാർ കാർഡ് ഉപയോഗിച്ചെടുത്ത ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണം കൈമാറിയിട്ടുണ്ടെന്നും അതിന്മേൽ കേസെടുത്തിട്ടുണ്ടെന്നും പറഞ്ഞ് മുംബയ് പൊലീസിന്റെ പേരിലുള്ള ഫോൺകോളാണ് ആദ്യമെത്തിയത്. വിശ്വസിപ്പിക്കാനായി ആധാർ നമ്പരും ബാങ്ക് അക്കൗണ്ടിലൂടെ നടത്തിയ ഇടപാട് വിവരങ്ങളും കൈമാറി. കേസെടുത്തതിന്റെ വിവരങ്ങളും അയച്ചുകൊടുത്തു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേസിൽ കുടുക്കാതിരിക്കാൻ അഞ്ച് കോടി രൂപയും ആവശ്യപ്പെടുകയായിരുന്നു.
ഇക്കാര്യം സുഹൃത്തുക്കളെ അറിയിച്ചതോടെയാണ് തട്ടിപ്പ് ബോദ്ധ്യമായതെന്ന് ജാൻസി പറയുന്നു. പിന്നീട് ഫോണിൽ വിളിച്ചയാളിനോട് പൊലീസിൽ കേസ് നൽകിയിട്ടുണ്ടെന്നും നിങ്ങൾ നിരീക്ഷണത്തിലാണെന്നും അറിയിച്ചു. ഇതോടെ ഫോൺ കട്ട് ചെയ്ത സംഘം വാട്സാപ്പിലൂടെ അയച്ച മെസേജുകളും ഡിലീറ്റ് ചെയ്തു.