തിരുവനന്തപുരം: കരമനയാറിന്റെ ദുരവസ്ഥയെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച 'കരയുന്ന കരമനയാർ ' പരമ്പരയുടെ അടിസ്ഥാനത്തിൽ നദിയെ മാലിന്യമുക്തമാക്കുന്നതിന് പദ്ധതികൾ തയ്യാറാക്കാനൊരുങ്ങി ജനപ്രതിനിധികൾ. പരമ്പരയിൽ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കൂട്ടായ പരിശ്രമം വേണമെന്നും തലസ്ഥാനത്തിന്റെ കുടിനീരായ കരമനയാറിനെ മാലിന്യമുക്തമാക്കാൻ കേരളകൗമുദി മുന്നോട്ടുവച്ച റിവർ ഫെസ്റ്റിവൽ പോലുള്ള ആശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും ജനപ്രതിനിധികൾ പ്രതികരിച്ചു.
ബോധവത്കരണത്തിനൊപ്പം ക്രിമിനൽ നടപടിയും
സ്വന്തം വീട്ടിലും സ്ഥാപനത്തിലും ഉണ്ടാകുന്ന മാലിന്യങ്ങൾ കവറിൽ കെട്ടി പുഴയിൽ തള്ളുന്ന സമീപനമാണ് നദികളുടെ ദുര്യോഗത്തിന് കാരണം. നിയമം ലംഘിക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനും ആർക്കും മടിയില്ല. 68 കിലോമീറ്റർ ദൂരത്തിലൊഴുകുന്ന കരമനയാറിന്റെ അവസ്ഥയ്‌ക്ക് പരിഹാരമുണ്ടാക്കാൻ കൂട്ടായ പരിശ്രമം വേണം. ശുചിത്വ കേരളം പദ്ധതിയിലുൾപ്പെടുത്തി നദിയുടെ നിലവിലെ അവസ്ഥ മാറ്റുന്നത് ചർച്ച ചെയ്യും.ഇതിനായി ക്യാമ്പെയിനും നടത്തും. ബോധവത്കരണം മാത്രം പോര. നിയമലംഘകർക്കെതിരെ ക്രിമിനൽ നടപടികളും വേണം.
ജി.സ്റ്റീഫൻ എം.എൽ.എ
റിവർ ഫെസ്റ്റിവൽ ആലോചിക്കും
ജലാശയങ്ങൾ സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനും നിയമത്തിന്റെ പിൻബലത്തോടെ ശക്തമായ നടപടികൾ നഗരസഭ സ്വീകരിക്കുന്നുണ്ട്. പഴുതടച്ചുള്ള പ്രവർത്തനങ്ങൾ തുടരും. സർക്കാരുമായി ആലോചിച്ചു റിവർ ഫെസ്റ്റിഫലുകൾ പോലുള്ള സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുന്ന പ്രവർത്തങ്ങൾ നടപ്പാക്കും. കൂട്ടായ പ്രവർത്തനത്തിലൂടെ ജലാശയങ്ങളെ പഴയ പ്രൗഢിയിലെത്തിക്കാനാവും.
ആര്യാ രാജേന്ദ്രൻ,നഗരസഭാ മേയർ
ജില്ലാ ആസൂത്രണ സമിതി ചർച്ച ചെയ്യും
നിരവധി പഞ്ചായത്തുകളിലൂടെയും നഗരസഭാ പ്രദേശങ്ങളിലൂടെയും ഒഴുകുന്ന കരമനയാറിന്റെ മാലിന്യപ്രശ്നം ഗുരുതരമാണ്. ജില്ലാ പഞ്ചായത്തിന് ഒറ്റയ്‌ക്ക് ഇക്കാര്യം ഏറ്റെടുക്കാൻ കഴിയുന്നതല്ല. അതിനാൽ അടുത്ത ജില്ലാ ആസൂത്രണ സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്ത് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ സഹകരണത്തോടെ ശാശ്വതമായ പരിഹാരം ഉണ്ടാക്കും.
ഡി.സുരേഷ് കുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അധികൃതർ കണ്ണ് തുറക്കണം
മാലിന്യ നീക്കത്തിന് കരാറെടുത്തവർ മാലിന്യനിക്ഷേപം നടത്തുന്ന കൂവക്കുടിയിൽ പൊലീസ് എയ്ഡ് പോസ്റ്റും പാലങ്ങളിൽ ക്യാമറയും സ്ഥാപിച്ചാൽ തന്നെ ഒരു പരിധിവരെ മാലിന്യനിക്ഷേപം നിറുത്താൻ കഴിയും. കൂവക്കുടിയിൽ മാത്രം ലോഡ് കണക്കിന് മാലിന്യമാണ് ദിനംപ്രതി തള്ളുന്നത്. ഇവ അഴുകിച്ചേരുന്ന വെള്ളമാണ് നഗരത്തിലേക്ക് കൊണ്ടുപോകുന്നത്. നദി മലിനമാകാതെ സംരക്ഷിക്കാൻ അധികൃതർ തയ്യാറകണം.
വെള്ളനാട് രാമചന്ദ്രൻ,എഴുത്തുകാരൻ
തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം
കരമനയാറിന്റെ തുടക്കം മുതൽ മാലിന്യപ്രശ്‌നമുണ്ട്. പന്നി വളർത്തൽ കേന്ദ്രത്തിൽ നിന്നടക്കം മാലിന്യം തള്ളുന്നു. സ്ഥാപനങ്ങളിലെ രാസമാലിന്യങ്ങളും വലിയ ഭീഷണിയാണ്. പൊതുജന പങ്കാളിത്തത്തോടെ ഇത്തരം മലിനീകരണം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തും. തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ പ്രശ്‌നത്തിനെതിരെയുള്ള പരിപാടികൾ ഏറ്റെടുക്കണം.
ബി.സനകൻ,പരിസ്ഥിതി പ്രവർത്തകൻ,വനമിത്ര അവാർഡ് ജേതാവ്