വിതുര: പൊൻമുടിയിൽ നിർമ്മിക്കുന്ന വയർലെസ് സ്റ്റേഷന്റെ നിർമ്മാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. 17 ലക്ഷം രൂപ വിനിയോഗിച്ചാണ് പൊൻമുടി അപ്പർസാനിറ്റോറിയത്തിൽ പുതിയ മന്ദിരം നിർമ്മിക്കുന്നത്. മൂന്ന് പതിറ്റാണ്ട് മുൻപ് നിർമ്മിച്ച പൊൻമുടിയിലെ വയർലെസ് സ്റ്റേഷൻ വർഷങ്ങളായി ശോച്യാവസ്ഥയിലായിരുന്നു. മലമുകളിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം അനവധി തവണ ഇടിമിന്നലേറ്റ് തകർന്നിരുന്നു. ഇതോടെ സ്റ്റേഷൻ പ്രവർത്തനരഹിതമായി. വയർലെസ് സ്റ്റേഷന്റെ ശോച്യാവസ്ഥചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഉദ്ഘാടനം ഓണത്തിന്
മന്ത്രി മുഹമ്മദ് റിയാസ് പൊൻമുടി സന്ദർശിക്കാനെത്തിയപ്പോൾ സ്ഥലം എം.എൽ.എ ഡി.കെ.മുരളി പ്രശ്നം ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയമന്ദിരം നിർമ്മിക്കുവാൻ ഫണ്ട് അനുവദിച്ചത്. ഓണത്തിന് ഉദ്ഘാടനം നടത്തുവാനാണ് തീരുമാനം. പൊൻമുടിയിൽ പുതിയ വയർലെസ് സ്റ്റേഷൻ മന്ദിരം നിർമ്മിക്കുവാൻ ഫണ്ട് അനുവദിച്ച മന്ത്രി മുഹമ്മദ് റിയാസിനും, ഡി.കെ.മുരളി എം.എൽ.എക്കും സി.പി.എം പൊൻമുടി ബ്രാഞ്ച് കമ്മിറ്റി നന്ദിരേഖപ്പെടുത്തി.