hi

കിളിമാനൂർ: തലമുറകളായി കൈമാറിവന്ന ചാറ്റുപാട്ടിന്റെ ഈണത്തിൽ ജീവിതം പടുത്തുയർത്തുകയാണ് പ്രദേശത്തെ കാണിക്കാർ. പൊടിയക്കാല, മൊട്ടമൂട്, ആറ്റുമൺപുറം, പെരുംകൈത മേലാംകോട്, ഭരതന്നൂർ, പാലോട് തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും കാണി ഊരുകൾ ഉള്ളത്. ഇവരുടെ ഇടയിലാണ് ചാറ്റുപാട്ടും കൊടുതി ആചാരങ്ങളും നിലനിൽക്കുന്നത്. ചാറ്റ് എന്ന പദത്തിന് ശുദ്ധിയാക്കൽ, ശുദ്ധികർമം ചെയ്യൽ എന്നൊക്കെയാണ് അർത്ഥം. ചാറ്റ് നടത്തുന്നതിനു വേണ്ടി വായ്പാട്ടായി പാടുന്ന പാട്ടുകളെയാണ് ചാറ്റുപാട്ടുകൾ എന്നു പറയുന്നത്. പരദേവതാപ്രീതിക്കും മറ്റും വേണ്ടി കാണിക്കാർ നടത്തുന്ന ഒരു ചടങ്ങാണിത്. കൊക്കര (കൊക്ര) എന്ന ഉപകരണത്തിന്റെ അകമ്പടിയോടുകൂടി പാട്ടു പാടി നടത്തുന്ന ആരാധനയാണ്. പൂർവ്വികർ പകർന്നുനൽകിയ ആചാരങ്ങളും അനുഷ്ടാനങ്ങളും പിൻതലമുറക്കാർ മറക്കാൻ ശ്രമിക്കുമ്പോഴും ഇവിടുത്തെ പുത്തൻ തലമുറക്കാർ തങ്ങളുടെ പാരമ്പര്യ ആചാരത്തെ കൈവിടാതെ മുറുകെപ്പിടിക്കുകയാണ്.

 ഈണം രണ്ടുവിധം

ഈണവും അവ്യക്തതയും കണക്കിലെടുത്ത് ചാറ്റിനെ പ്രധാനമായും രണ്ടായി തിരിക്കുന്നുണ്ട്. പേച്ച് കൂടിയത് വടക്കൻ മൊഴിയെന്നും പേച്ച് കുറഞ്ഞതിനെ തെക്കൻ മൊഴിയെന്നും പറയുന്നു. ഓരോരോ ആവശ്യത്തിനും വ്യത്യസ്ത ചാറ്റുകളാണ് നടത്തുന്നത്. നടത്തുന്ന രീതി, ചൊല്ലുന്ന രീതി, കൊക്കരയുടെ താളം എന്നിവ ഓരോ ചാറ്റിനും വ്യത്യസ്തമായിരിക്കും. പ്ലാത്തി (മന്ത്രവാദി) രണ്ടു വരി വീതം മനഃപാഠമായി പാടുകയും രണ്ടു പേരടങ്ങുന്ന പിൻപാട്ടുകാർ ഏറ്റുപാടുകയും ചെയ്യുന്നു. ചാറ്റുപാട്ടിന് താളം നൽകുന്ന വാദ്യോപകരണമാണ് കൊക്കര.

 കൊക്കര

പല്ലു കൊത്തിയ അകം പൊള്ളയായ ഇരുമ്പു കുഴലും ചങ്ങല കൊണ്ട് കൊക്കരയുമായി ബന്ധിച്ചിരിക്കുന്ന ഇരുമ്പു ദണ്ഡും ചേർന്നതാണ് കൊക്കര. ദണ്ഡിനെ പുള്ളുവലിയെന്നാണ് പറയുന്നത്. ഇരുമ്പുകുഴൽ ഇടതു കൈയിലും ദണ്ഡ് വലതു കൈയിലും ചേർത്തുപിടിച്ച് തമ്മിൽ ഉരസിയാണ് ശബ്ദമുണ്ടാക്കുന്നത്. വായ് മൊഴിയായി,പിൻമുറക്കാർക്ക് പകർന്നുവരുന്ന ഒരു വായ്പ്പാട്ടു രൂപമാണിത്.