തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മുകൾ പരിപാലനമില്ലാതെ തകർച്ചയുടെ വക്കിൽ. 31 ലക്ഷം രൂപ ചെലവിട്ടാണ് ഗാന്ധി പാർക്ക്, ശ്രീ ചിത്തിര തിരുനാൾ പാർക്ക്, ശ്രീകണ്ഠേശ്വരം പാർക്ക് എന്നിവിടങ്ങളിൽ 2019ൽ ഓപ്പൺ ജിമ്മുകൾ സ്ഥാപിച്ചത്. വ്യായാമത്തിലൂടെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ആദ്യമെല്ലാം നല്ലരീതിയിൽ കുട്ടികളും മുതിർന്നവരും ഉപയോഗിച്ചിരുന്നെങ്കിലും പരിപാലനമില്ലാതായതോടെ ശനിദശ തുടങ്ങി.
ഗാന്ധിപാർക്ക്
നവീകരണത്തിന്റെ ഭാഗമായി ഗാന്ധി പാർക്കിൽ ഇപ്പോൾ ആളുകൾക്ക് പ്രവേശനം ഇല്ല. രാവിലെയും വൈകിട്ടും വ്യായാമത്തിന് എത്തുന്നവരും കുട്ടികളുമാണ് സാധാരണ ഇവിടത്തെ ജിമ്മുകൾ ഉപയോഗിച്ചിരുന്നത്. ഓപ്പൺ ജിം സ്ഥാപിച്ച ആദ്യ രണ്ട് വർഷങ്ങളിൽ ആളുകൾ നല്ലരീതിയിൽ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് ജിം ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതായിട്ടാണ് കിഴക്കേകോട്ട പരിസരത്തെ ഓട്ടോ തൊഴിലാളികൾ പറയുന്നത്.
ശ്രീകണ്ഠേശ്വരം പാർക്ക്
പാർക്കിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ജിമ്മിലെ ഉപകരണങ്ങൾ ഇളക്കിമാറ്റി പാർക്കിന്റെ മൂലയിൽ കൂട്ടിയിട്ടിട്ടുണ്ട്. ഇതിനോടകം കാടുപിടിച്ചും തുരുമ്പെടുത്തും ആരും ഉപയോഗിക്കാതെ കിടക്കുന്ന ഈ ഉകരണങ്ങൾ പാർക്കിന്റെ നവീകരണം പൂർത്തിയായാലേ പുനഃസ്ഥാപിക്കൂ. അപ്പോഴേക്കും ഉപകരണങ്ങൾ പരിഹരിക്കാനാവാത്ത വിധം നശിക്കുമെന്നാണ് സൂചന.
ശ്രീകണ്ഠേശ്വരം പാർക്കിന്റെ നവീകരണത്തിനാണ് ഓപ്പൺ ജിം ഇളക്കി മാറ്റിയത്. പാർക്കിന്റെ പണി കഴിയുന്നതിനൊപ്പം ഓപ്പൺ ജിം പുനഃസ്ഥാപിക്കും
- പി.രാജേന്ദ്രൻ നായർ, കൗൺസിലർ, ശ്രീകണ്ഠേശ്വരം