കല്ലമ്പലം: 52 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നാവായിക്കുളം ഇ.എസ്.ഐ ആശുപത്രി പ്രവർത്തന സജ്ജമായി. 2024ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും വൈദ്യുതിയും ഫർണിച്ചറുകളും സജ്ജമാക്കുന്നതിന് മൂന്ന് മാസംകൂടി സമയമെടുത്തു. ഭാവിയിൽ 24 മണിക്കൂറും പ്രവർത്തിക്കാനുള്ള സ്ഥലസൗകര്യങ്ങൾ ആശുപത്രിക്കുണ്ട്. നിലവിൽ കല്ലമ്പലത്ത് വടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇ.എസ്.ഐ ബ്രാഞ്ച് ഓഫീസും ഇതേ കെട്ടിടത്തിൽ പ്രവർത്തിച്ചുതുടങ്ങി. വർക്കല താലൂക്കിലെ 12000 ത്തോളം ഇ.എസ്.ഐ കാർഡുള്ള തൊഴിലാളികൾക്കാണ് ചികിത്സ. നാവായിക്കുളം പഞ്ചായത്തിനെ കൂടാതെ സമീപ പഞ്ചായത്തുകളിലെ തൊഴിലാളികൾക്കും ചികിത്സ ലഭിക്കും. കേരള കൗമുദിയിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ വന്നത് അധികാരികളുടെ കണ്ണുതുറപ്പിച്ചു. പിന്നെയെല്ലാം ശരവേഗത്തിലായിരുന്നു. ചുരുങ്ങിയ മാസം കൊണ്ടാണ് കെട്ടിട നിർമ്മാണം തന്നെ പൂർത്തിയാക്കിയത്.
ചരിത്രം ഇങ്ങനെ
കല്ലമ്പലത്തെ തൊഴിലാളികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ 1970ൽ വാടകക്കെട്ടിടത്തിലാണ് നാവായിക്കുളം ഇ.എസ്.ഐ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങിയത്. പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കവെ കിടത്തിചികിത്സ ഉൾപ്പെടെയുള്ള സംവിധാനം വേണമെന്ന് ആവശ്യമുയർന്നതോടെ ഭൂമി ലഭ്യമാക്കിയാൽ 20 കിടക്കകളോടുകൂടിയ കെട്ടിടം നിർമ്മിക്കാമെന്ന് ഇ.എസ്. ഐ അധികൃതരും അറിയിച്ചു. തുടർന്ന് 1985ൽ നാവായിക്കുളം കാട്ടുപുതുശ്ശേരി റോഡിൽ വെള്ളൂർക്കോണം പള്ളിക്ക് സമീപത്തായി രണ്ടേക്കർ ഭൂമി ഏറ്റെടുത്തെങ്കിലും പ്രവർത്തനം നടന്നില്ല. ആവശ്യങ്ങൾ ഉയർന്നതോടെ 2012ൽ കെട്ടിടത്തിന് തറക്കല്ലിട്ടെങ്കിലും നിർമ്മാണം നടന്നില്ല. അടൂർ പ്രകാശ് എം.പി വിഷയം കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയെ നേരിട്ട് ബോദ്ധ്യപ്പെടുത്തുകയും 2020 ഫെബ്രുവരിയിൽ സബ്മിഷൻ അവതരിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് സ്ഥലം പരിശോധിക്കുന്നതിന് കേന്ദ്രസർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഏറ്റെടുത്ത ഭൂമി ആശുപത്രി നിർമാണത്തിന് അനുയോജ്യമല്ലെന്നായിരുന്നു സമിതിയുടെ റിപ്പോർട്ട്. തുടർന്ന് ഭൂമിയിൽ കുട്ടികൾ കളിക്കുന്നത് ഉൾപ്പെടെയുള്ള വീഡിയോ എം.പി വകുപ്പ് മന്ത്രിയെയും ഡയറക്ടറെയും കാണിക്കുകയും തുടർന്ന് നിർമ്മാണത്തിന് അനുമതിയും നൽകി.