വിതുര: വിതുര തൊളിക്കോട് പഞ്ചായത്തുകളിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാകുന്നു. രണ്ട് പഞ്ചായത്തുകളിലുമായി പതിമൂന്നിടങ്ങളിൽ പൈപ്പ് പൊട്ടി ഒഴുകുകയാണ്. വിതുര കലുങ്ക് ജംഗ്ഷനു സമീപം പാലോട് റോഡിൽ വിതുര റസ്റ്റ്ഹൗസിന് മുന്നിലായി രണ്ടിടങ്ങളിൽ പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. കൊപ്പം റോഡിലെ അവസ്ഥയും വിഭിന്നമല്ല. പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതുമായി ബന്ധപ്പെട്ട് അനവധി തവണ വാട്ടർ അതോറിട്ടിക്ക് പരാതികൾ നൽകിയിരുന്നു. പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നഷ്ടപ്പെട്ടാലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കാലപ്പഴക്കം
കാലപ്പഴക്കമുള്ള പൈപ്പ് ലൈനുകളാണ് പൊട്ടുന്നത്. അരനൂറ്റാണ്ട് മുൻപാണ് പൈപ്പ് ലൈൻ സ്ഥാപിച്ചത്. ഇതിനിടയിൽ ധാരാളം പേർക്ക് കണക്ഷനും നൽകി. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. കേടായ പൈപ്പ് നന്നാക്കുമ്പോൾ മറുഭാഗം പൊട്ടുന്ന സ്ഥിതിയാണ് നിലവിൽ.
ശുദ്ധജലം മുടങ്ങുന്നു
പൈപ്പ് പൊട്ടിഒഴുകുന്ന മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി വ്യാപക പരാതിയുണ്ട്. പൈപ്പ് പൊട്ടുന്നതോടെ ഹൗസ് കണക്ഷൻ എടുത്തിട്ടുള്ളവർ കുടിനീരിനായി പരക്കംപായേണ്ട അവസ്ഥയിലാണ്. മാത്രമല്ല വ്യാപാരി സമൂഹവും പ്രതിസന്ധിയിലാണ്.
പൊൻമുടി, ബോണക്കാട് മേഖലയിൽ ഇപ്പോഴും മഴ പെയ്യുന്നുണ്ട്. വാമനപുരം നദിയിലെ നീരൊഴുക്കും ഗണ്യമായി വർദ്ധിച്ചു. നദി നിറഞ്ഞൊഴുകുമ്പോഴും കുടിനീരിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ജനം.
പൊൻമുടി ചുള്ളിമാനൂർ റോഡ് നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി റോഡരികിലെ പൈപ്പുകൾ വ്യാപകമായി നീക്കം ചെയ്തിരുന്നു. എന്നാൽ പണി നടന്നമേഖലകളിൽ പുതിയ ടാപ്പുകൾ സ്ഥാപിക്കാത്തതിനാൽ പബ്ലിക് ടാപ്പുകളിൽ നിന്നു ശുദ്ധജലം ശേഖരിച്ചിരുന്നവർ ബുദ്ധിമുട്ടിലായി. നീക്കംചെയ്ത പൈപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയെങ്കിലും ജലഅതോറിട്ടിക്കും, റോഡ്പണി കരാർ എടുത്തവർക്കും അനക്കമില്ല.