തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്ക് സമഗ്ര ആരോഗ്യ ഉന്നത വിദ്യാഭ്യാസ പാക്കേജുമായി നിംസും നൂറുൽ ഇസ്ലാം സർവകലാശാലയും.ആരോഗ്യ സംരക്ഷണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും,ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കാനും,സുസ്ഥിര വികസനം ഉറപ്പാക്കാനും,മെച്ചപ്പെട്ട ജീവിത നിലവാരം ലഭ്യമാക്കാനുമാണ് പാക്കേജിലൂടെ ലക്ഷ്യമിടുന്നതെന്ന് നിംസ് എം.ഡി.എം എസ്.ഫൈസൽ ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ദുരിതമേഖലയിലെ 1000 വിദ്യാർത്ഥികൾക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസം,വയനാട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണവും നിംസ് സ്‌പെക്ട്രം ശിശുവികസന ഗവേഷണ കേന്ദ്രത്തിന്റെ സേവനവും,സാമ്പത്തിക സഹായമായി ഒരു കോടി രൂപയും നൽകും.

ഭിന്നശേഷി കുട്ടികൾക്കായി പെൻഷൻ പ്ലാൻ പദ്ധതി,ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം തുടങ്ങി ബൃഹത്തായ പാക്കേജും തയ്യാറാക്കിയിട്ടുണ്ട്.മുഖ്യമന്ത്രിയെ നേരിൽ കണ്ട് പാക്കേജിനെക്കുറിച്ച് സംസാരിച്ചുവെന്നും ഫൈസൽ ഖാൻ പറഞ്ഞു.നിഷ് വൈസ് ചാൻസലർ ടെസി തോമസ്,മുൻ സർവകലാശാല വൈസ് ചാൻസലറും സി.ഡി.ആർ.സിയുടെ സ്ഥാപക ഡയറക്ടറുമായ എം.കെ.സി നായർ,ശിവകുമാർ രാജ്,ഡോ.കെ. എസ്.സജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.