വാമനപുരം: വാമനപുരം കളമച്ചലിലെ കൈത്തറി വസ്ത്രങ്ങൾ ജപ്പാനിലേക്ക് കയറ്റി അയയ്ക്കാനുള്ള വൻ ഓർഡർ നൽകി കോവളത്തെ ആർട്ട് ആൻഡ് ക്രാഫ്റ്റ്. ഇവിടെ നെയ്ത പുതിയ ഡിസൈനിലുള്ള സാരി, ഷർട്ട്,ടൗവ്വൽ, ബഡ്ഷീറ്റ് എന്നിവ ജപ്പാനിലെ മലയാളികൾക്കും മലയാളി തനിമ ഇഷ്ടപ്പെടുന്ന ജപ്പാൻ സ്വദേശികൾക്കുമായാണ് കയറ്റി അയയ്ക്കുന്നത്.
പ്രധാന പരമ്പരാഗത കൈത്തറി വ്യവസായ കേന്ദ്രമായിരുന്ന കളമച്ചലിൽ സാങ്കേതിക വിദ്യകൾ കടന്നുവന്നതോടെ പാരമ്പര്യ തൊഴിലാളികൾക്ക് തങ്ങളുടെ വിപണി നഷ്ടപ്പെട്ടു, അവർ മറ്റ് ജോലികൾ തേടിപ്പോയി.
എന്നാൽ, കളമച്ചൽ കൈത്തറിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഭരണസമിതി തയാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ച ക്ലസ്റ്ററിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയായതോടെ ഇവിടുത്തെ കൈത്തറിമേഖലയ്ക്ക് പുതുനാമ്പ് മുളയ്ക്കുകയാണ്.
മികച്ച യൂണിറ്റായി കളമച്ചൽ
കളമച്ചൽ കൈത്തറിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഭരണസമിതി തയാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ച രണ്ട് കോടി രൂപയുടെ ക്ലസ്റ്റർ വികസന പ്രോജക്ടിന് 2021ൽ കേന്ദ്ര ടെക്സ്റ്റൈൽ ആൻഡ് കൈത്തറി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. മൊത്തം 193 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളിൽ 185 ലക്ഷം രൂപ കേന്ദ്രവിഹിതവും ശേഷിച്ച തുക ഗുണഭോക്താക്കളുടെ വിഹിതവുമായിരിക്കും. ഇതിന്റെ ഒന്നാംഘട്ടമായി 91 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഒന്നാംഘട്ടം പൂർത്തിയായപ്പോൾത്തന്നെ ജില്ലയിലെ ഏറ്റവും മികച്ച കൈത്തറി യൂണിറ്റിനുള്ള പുരസ്കാരവും ലഭിച്ചതിന്റെ നിറവിലാണ് ഇവിടുത്തെ യൂണിറ്റ്. നെയ്ത്തിലും അനുബന്ധ തൊഴിലുകളിലുമായി ഏർപ്പെട്ടിരിക്കുന്ന ആനച്ചൽ, കളമച്ചൽ കൈത്തറി സംഘങ്ങളിലെ 270 ഓളം കൈത്തറി തൊഴിലാളി കുടുംബങ്ങൾ പദ്ധതി പൂർത്തിയാകുന്നതോടെ ഗുണഭോക്താക്കളായി മാറും.