28 ഏക്കർ കൈയേറുന്നതായി പരാതി
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുറുപുഴ വാർഡിൽ വെമ്പിൽ മണലയത്ത് സ്ഥിതി ചെയ്യുന്ന കടലുകാണിപ്പാറ കൈയേറി പാറ പൊട്ടിക്കാൻ ശ്രമിക്കുന്നതായി നാട്ടുകാരുടെ പരാതി. കടലുകാണിപ്പാറയും അതിനോടു ചേർന്നുള്ള 28 ഏക്കർ സ്ഥലത്തിൽ ഭൂരിഭാഗവും സ്വകാര്യ വ്യക്തികൾ കൈയേറിയതായാണ് പരാതി.
പാറ പൊട്ടിച്ചാൽ പ്രദേശത്തെ 200ഓളം കുടുംബങ്ങൾ വഴിയാധാരമാകും. കൂടാതെ നിരവധി വീടുകൾ തകർന്ന് തരിപ്പണമാകും. പാറയുടെ അടിഭാഗങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ജലസ്രോതസുകൾ അപ്രത്യക്ഷമാകും. മലയാൽ ചുറ്റപ്പെട്ട പ്രദേശത്തെ കൃഷിയിടങ്ങൾ പൂർണമായും നശിക്കുമെന്നും നാട്ടുകാർ ആവലാതിപ്പെടുന്നു. അതിനാൽ കൈയേറ്റം ഒഴിപ്പിച്ച് സംരക്ഷിത മേഖലയാക്കി ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വിസ്മയക്കാഴ്ചകൾ
നന്ദിയോട് പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണിത്. ഭീമൻ ചവിട്ടി എന്ന് ഐതീഹ്യമുള്ള പാറ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. പത്തടിയോളം താഴ്ചയിലുള്ള പാറയ്ക്കുള്ളിലെ കുളം വിസ്മയക്കാഴ്ചയാണ്. കൊടുംവേനലിൽ പോലും വറ്റാത്ത ജലസംഭരണിയാണ് ഇവിടെയുള്ളത്.കുളത്തിന്റെ അടിഭാഗത്തായി കാൽപ്പാദം പതിഞ്ഞതു പോലുള്ള അടയാളം കാണാം.അതിനാലാണ് ഭീമൻ ചവിട്ടിയ പാറ എന്നറിയപ്പെടുന്നത്.
ഹരിത ഭംഗി പോകും
ആനപ്പാറ,ചരിഞ്ഞ ഗുഹ എന്നിങ്ങനെയുള്ള വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന പാറശേഖരവും ഇവിടെയാണ്.പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം ഭൂമാഫിയ കൈയേറി പാറയോടു ചേർന്ന് ഇരുമ്പുവേലി കെട്ടി.വേലി കെട്ടാനായി പാറ തുരന്നുവെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു.