തിരുവനന്തപുരം: കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെ.ആർ.എഫ്.ബി) തിരുവനന്തപുരം സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിക്ക് (ടി.സി.ആർ.ഐ.പി) കീഴിലുള്ള 28 പ്രധാന റോഡുകൾ 15ന് മുമ്പ് നവീകരിക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കെ.ആർ.എഫ്.ബി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച നടന്ന പരിശോധനയിൽ 28 റോഡുകളിൽ അറ്റകുറ്റപ്പണി നടത്താനുണ്ടെന്ന് കണ്ടെത്തിയിരുന്നു. പലയിടത്തും നടപ്പാതകൾ തകർന്നതായും റോഡുകൾ വെട്ടിപ്പൊളിച്ചതായും ഓടകളിൽ മാലിന്യം നിറഞ്ഞതായും കണ്ടെത്തി. ഇവയെല്ലാം പരിഹരിക്കാനാണ് നിർദ്ദേശം.

ഓടകളും ക്ളീനാകും

മാലിന്യം കെട്ടിക്കിടക്കുന്ന ഓടകൾ വൃത്തിയാക്കാനും കാടുപിടിച്ചും തകർന്നും കിടക്കുന്ന നടപ്പാതകൾ നവീകരിക്കാനും നിർദ്ദേശമുണ്ട്. വിവിധ പദ്ധതികൾക്കായി വെട്ടിപ്പൊളിച്ച റോഡുകൾ റീടാർ ചെയ്യും. റോഡിലെ കുഴികൾ ഉടൻ അടയ്ക്കും. പണികളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദ്ദേശിച്ചു. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ഫണ്ടിൽ തലസ്ഥാന നഗരത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് ടി.സി.ആർ.ഐ.പി.

നവീകരിക്കുന്ന റോഡുകൾ

ഉപ്പിടാംമൂട്- കൈതമുക്ക്, കെ.എസ്.ഇ.ബി ജംഗ്ഷൻ- ചാക്ക, വെള്ളയമ്പലം- ശാസ്തമംഗലം, പട്ടം- കവടിയാർ, എൻ.എച്ച് ബൈപ്പാസ്- കെ.വി സ്‌കൂൾ, കുമാരപുരം റോഡ്, ഉള്ളൂർ റോഡ്, ഉപ്പിടാംമൂട്- ശ്രീകണ്‌ഠേശ്വരം, പട്ടം- മെഡിക്കൽ കോളേജ്- നാലുമുക്ക്- പഴയ കളക്ടറേറ്റ് ജംഗ്ഷൻ, നന്ദാവനം- റിസർവ് ബാങ്ക്, ആർ.എം.എസ്- ഓവർബ്രിഡ്ജ്, ഉള്ളൂർ- കൊച്ചുള്ളൂർ, കുമാരപുരം- ജി.ജി ആശുപത്രി, മോഡൽ സ്‌കൂൾ- അരിസ്റ്റോ ജംഗ്ഷൻ, വി.ജെ.ടി ജംഗ്ഷൻ- പഴവങ്ങാടി, എൽ.എം.എസ്- സ്റ്റുഡന്റ്സ് സെന്റർ, വഴയില റോഡ്, പേരൂർക്കട- കെ.എസ്.ഇ.ബി ഓഫീസ്, കവടിയാർ- പേരൂർക്കട, പ്രസ്ക്ലബ്- നോർത്ത്‌ഗേറ്റ്, ഈഞ്ചയ്ക്കൽ- അട്ടക്കുളങ്ങര.

10 റോഡുകൾ ഉടൻ സ്‌മാർട്ടാകും

സ്മാർട്ട് സിറ്റിയുടെ ഭാഗമായി കെ.ആർ.എഫ്.ബി നിർമ്മിക്കുന്ന 10 സ്മാർട്ട് റോഡുകളുടെ അന്തിമ ടാറിംഗും ഉടൻ നടക്കും. ഭൂമിക്കടിയിൽ കേബിൾ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. വെള്ളയമ്പലം ആൽത്തറ മുതൽ ചെന്തിട്ട വരെ നാലുവരിയായി നിർമ്മിക്കുന്ന സി.വി.രാമൻ പിള്ള റോഡായിരിക്കും ആദ്യം പൂർത്തിയാക്കുക. ഇവിടെ കേബിൾ സ്ഥാപിച്ചുകഴിഞ്ഞു. നിലവിൽ മീഡിയനാണ് നിർമ്മിക്കുന്നത്. ഇരുവശവും കൈവരിയുള്ള നടപ്പാതയിൽ കാഴ്ചപരിമിതർക്ക് ശബ്ദസഹായത്തോടെ നടക്കാൻ സഹായിക്കുന്ന ടോക് ടൈലുകൾ പാകും. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ ആൽത്തറ മുതൽ തൈക്കാട് ഗസ്റ്റ് ഹൗസ് വരെ നടപ്പാതയോടു ചേർന്ന് സൈക്കിൾ ട്രാക്ക്, റോഡിന്റെ നടുവിലും ഇരുവശങ്ങളിലും വഴിവിളക്കുകൾ, എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങളുടെ ലൈറ്റിൽ നിന്ന് രക്ഷയായി ആന്റി ഗ്ലെയർ മീഡിയൻ എന്നിവയും സ്ഥാപിക്കും. 77 കോടി രൂപയാണ് ചെലവ്. ഓണത്തിനുമുമ്പ് എല്ലാ റോഡുകളുടെയും രണ്ടാംഘട്ട ടാറിംഗ് പൂർത്തിയാക്കി തുറന്നു നൽകുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.