alcohol

ഏത് മുന്നണി സംസ്ഥാനം ഭരിച്ചാലും ഖജനാവിന്റെ വരുമാന സ്രോതസുകളിൽ പ്രധാനപ്പെട്ട ഒന്നാണ് മദ്യ നിർമ്മാണത്തിൽ നിന്നും വില്പനയിൽ നിന്നും ലഭിക്കുന്ന വമ്പിച്ച നികുതി. മദ്യനിരോധനത്തിനായുള്ള പ്രഹസന സമരങ്ങളും ഉപരിപ്ളവ പ്രചരണങ്ങളും എത്ര ആകർഷകമായി നടത്തിയാലും നല്ലൊരു വിഭാഗം പുരുഷന്മാരും (ചുരുക്കം സ്ത്രീകളും)​ മദ്യം ഉപയോഗിക്കുന്നുണ്ട് എന്നതാണ് വസ്തുത. മദ്യത്തിന്റെ ഉത്പാദനത്തിനും വില്പനയ്ക്കും അനുമതി നൽകിയതിനു ശേഷം 'മദ്യം ആരോഗ്യത്തിന് ഹാനികരം" എന്ന് ജാഗ്രതാ മുന്നറിയിപ്പ് നല്കുന്നത് ഒരേസമയം കൗതുകകരവും വിരോധാഭാസവുമായി തോന്നിയേക്കാം.

ചരിത്രാതീതകാലം മുതൽ മദ്യം മനുഷ്യനെ പ്രലോഭിപ്പിക്കുന്ന ലഹരി പാനീയമാണ്. വേദകാലഘട്ടത്തിൽ സോമലതയുടെ നീരുകൊണ്ട് ഉത്പാദിപ്പിക്കുന്ന 'സോമം" എന്ന മദ്യം യാഗങ്ങളിൽ ദേവന്മാർക്ക് അർപ്പിക്കുകയും അത് പാനം ചെയ്യുകയും ചെയ്‌തിരുന്നു. കാടി പുളിപ്പിച്ച് അതിൽ നിന്നുണ്ടാക്കുന്ന 'സുമ" എന്നൊരു മദ്യവും അക്കാലത്ത് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. മഹാഭാരത കഥയിൽ,​ കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് മുപ്പത്താറാം വാർഷികം ആഘോഷിക്കുമ്പോൾ യാദവർ ഒത്തുകൂടി അമിതമായി മദ്യപിച്ച് തമ്മിൽത്തല്ലി യാദവകുലം നശിച്ചുവത്രേ. മഹാനായ അലക്സാണ്ടർ ചക്രവർത്തി അമിത മദ്യപാനത്താൽ സ്വബോധം നഷ്ടപ്പെട്ട്,​ ഉറ്റ സുഹൃത്തായ ക്ളീറ്റസിനെ വധിച്ചതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ബോധം നഷ്ടമാകുംവരെ മദ്യപിക്കുന്നതാണ് ചിലർക്ക് ശീലം. അപകർഷതാ ബോധം, നിരാശ, അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങൾ മദ്യപാനത്തിലേക്ക് നയിക്കുമ്പോൾ,​ ചിലർ സന്തോഷം വന്നാലും സന്താപം വന്നാലും നിയന്ത്രണമില്ലാതെ മദ്യപിക്കുന്നതായി കാണുന്നു. ഇതൊക്കെത്തന്നെയാണ് മദ്യപാനത്തിന്റെ ആപത്കരമായ തീരാദോഷവും. 'യുക്തൃാനുസാരം ഔഷധം; അന്യഥാ വിഷം" (ആവശ്യത്തിന് മദ്യം കഴിക്കുന്നത് ഔഷധം പോലെ ഗുണകരവും,​ അല്ലെങ്കിൽ അത് വിഷവുമാണ്)​,​ 'മദ്യം ന പേയം, പേയം വാ ബഹുവാരി" (മദ്യം കഴിക്കരുത്,​ അഥവാ കഴിക്കുന്നെങ്കിൽ ധാരാളം വെള്ളം ചേർത്ത് കഴിക്കുക)​ എന്നൊക്കെയാണ് മദ്യപാനത്തെക്കുറിച്ച് കേൾവിയുള്ള പ്രാമാണിക വചനങ്ങൾ. പുരാതനകാലം മുതൽ മദ്യ നിർമ്മാണത്തിനും ഉപയോഗത്തിനും നിയമവും നിയന്ത്രണവുമൊക്കെ നിലനിന്നിരുന്നു. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ വിവരിക്കുന്നത്,​ അക്കാലത്ത് മദ്യത്തിന്റെ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാൻ ഒരു സുരാദ്ധ്യക്ഷൻ നിയമിക്കപ്പെട്ടിരുന്നു എന്നാണ്!

അബ്കാരി

നിയമം

നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തിനും മദ്യത്തെ സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണുള്ളത്. കേരളത്തിലും മദ്യനിർമ്മാണം, വില്പന, കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് തുടങ്ങിയവയ്ക്ക് വ്യക്തമായ നിയമ സംഹിതയുണ്ട്. അബ്കാരി ആക്ട്- 1967 എന്നറിയപ്പെടുന്ന ഈ നിയമം തിരുവിതാംകൂർ, കൊച്ചി, മലബാർ അബ്കാരി നിയമങ്ങൾ ക്രോഡീകരിച്ച് ഒരു ഏകീകൃത നിയമമായി നിലവിൽ വന്നത് 1967-ൽ ആണ്. കാലക്രമേണ നിരവധി ഭേദഗതികളും ഈ നിയമത്തിനുണ്ടായി. അബ്കാരി നിയമത്തിന്റെ അടിസ്ഥാന പ്രമാണം ഏറ്റവും ചെറിയ ഉപഭോഗത്തിൽനിന്ന് ഏറ്റവും കൂടിയ വരുമാനം ഉണ്ടാക്കുക എന്നാണ്.

മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉത്പാദനം, വില്പന, കടത്തിക്കൊണ്ടുപോകൽ, നിയമം ലംഘിച്ചാൽ ഉണ്ടാകുന്ന ശിക്ഷകൾ എന്നിവ ഉൾപ്പെടെയുള്ളവയെപ്പറ്റി 1967- ലെ അബ്കാരി ആക്ടിലും,​ തുടർന്നുവന്ന നിരവധി ഭേദഗതികളിലും പ്രതിപാദിച്ചിട്ടുണ്ട്. അവയിൽ,​ ഇനി പറയുന്ന അബ്കാരി കുറ്റങ്ങൾക്ക് പത്തുവർഷം വരെ തടവും ഒരുലക്ഷം രൂപവരെ പിഴയും ലഭിക്കാം.

ചാരായം ഉത്പാദനം,​ വില്പന, കൈവശം വയ്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ

 മദ്യമോ ലഹരിപദാർത്ഥമോ നിയമാനുസൃതമായ അനുമതിയില്ലാതെ വിറ്റാൽ

 അനധികൃതമായി മദ്യനിർമ്മാണശാല സ്ഥാപിക്കുകയോ മദ്യം നിർമ്മിക്കുകയോ കടത്തുകയോ ചെയ്താൽ

 നിരോധിത മേഖലയിലേക്ക് മദ്യം കടത്തിക്കൊണ്ടുവന്നാൽ

 മദ്യനിർമ്മാണത്തിനു വേണ്ടി 'വാഷ്" സൂക്ഷിക്കുന്നതോ വാറ്റ് സെറ്റ് ഘടിപ്പിച്ചിരിക്കുന്നതോ കാണപ്പെട്ടാൽ

 അനധികൃതമായി മദ്യം വില്പനയ്ക്കായി സംഭരിക്കുകയോ വില്പന നടത്തുകയോ ചെയ്താൽ

 ലൈസൻസിൽ പറയുന്ന മദ്യമല്ലാതെ ഷാപ്പിൽ മറ്റു മദ്യങ്ങൾ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്താൽ

 കള്ളുഷാപ്പിൽ വിദേശമദ്യം സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്താൽ.

മദ്യം കഴിക്കുന്നവർ തന്നെ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ മദ്യപിക്കുവാൻ പാടില്ല. തെരുവുകൾ, പൊതുസ്ഥലങ്ങൾ, റസ്റ്റ് ഹൗസുകൾ, ടിബികൾ, ഹോട്ടലുകൾ, സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങൾ മുതലായവയിൽ വച്ച് മദ്യപിച്ചാൽ രണ്ടുവർഷം വരെ തടവും. 500 രൂപവരെ പിഴയും ലഭിക്കാം. 23 വയസിനു താഴെയുള്ളവർ മദ്യം കൈകാര്യം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. 23 വയസിനു താഴെ പ്രായമുള്ളവർക്ക് മദ്യം വിൽക്കുകയോ കൈമാറ്റം ചെയ്യുവാനോ പാടില്ലാത്തതാകുന്നു. ഈ കുറ്റത്തിന് രണ്ടു വർഷംവരെ തടവും പിഴയും ലഭിക്കാവുന്നതാണ്.

സൂക്ഷിക്കാൻ

അളവുണ്ട്

വ്യക്തിക്ക് സൂക്ഷിക്കാവുന്ന മദ്യത്തിന്റെ അവളവ് ഇനി പറയും പ്രകാരമാണ്: ഇന്ത്യൻ നിർമ്മിത വിദേശമദ്യം: 3 ലിറ്റർ,​ വിദേശ നിർമ്മിതി വിദേശമദ്യം: 2.5 ലിറ്റർ,​ കൊക്കോ ബ്രാൻഡി: 1 ലിറ്റർ,​ ബിയർ: 3.5 ലിറ്റർ,​ വൈൻ: 3.5 ലിറ്റർ,​ കള്ള്: 1.5 ലിറ്റർ. തെങ്ങ്, പന, ചൂണ്ടപ്പന എന്നിവയിൽ നിന്ന് കള്ള് ചെത്തിയെടുക്കുന്നതിന് അവകാശമുള്ളയാൾ, ലൈസൻസ് ലഭിച്ചിട്ടുള്ള വ്യക്തിക്ക് വിൽക്കാവുന്നതാണ്. സൈനിക ഉദ്യോഗസ്ഥർക്കും വിരമിച്ച സൈനികർക്കും അവർക്ക് അനുവദിച്ചിട്ടുള്ള ക്വാട്ടയിൽ കവിയാത്ത അളവിൽ മദ്യം കൈവശം സൂക്ഷിക്കാം. സൂക്ഷിക്കുന്ന മദ്യം അനുവദിച്ചതിന്റെ ബില്ലോ, ക്യാന്റീൻ ഓഫീസറുടെ സാക്ഷ്യപത്രമോ ബന്ധപ്പെട്ടവർ പരിശോധനയ്ക്ക് ആവശ്യപ്പെട്ടാൽ യഥാസമയം ഹാജരാക്കണം. വീട്ടിലെ സ്വകാര്യ ചടങ്ങുകളിലും പ്രായപൂർത്തിയായ സ്ഥിരാംഗങ്ങളുടെ കൈവശം വയ്ക്കാവുന്ന അത്രയും അളവ് മദ്യമേ പ്രസ്തുത ചടങ്ങുകൾക്ക് വിളമ്പാവൂ.

മദ്യത്തിന്റെ പ്രലോഭിപ്പിക്കുന്ന പരസ്യങ്ങൾക്ക് നിരോധനമുണ്ടെങ്കിലും മദ്യത്തിന്റെ ഉപഭോഗം നാൾക്കുനാൾ വർദ്ധിക്കുകയാണ്. സമ്പൂർണ മദ്യനിരോധനം അപകടകരവും അപ്രയോഗികവുമാണെന്ന് ലോകമെങ്ങും തെളിഞ്ഞിട്ടുണ്ട്. മദ്യം നിരോധിച്ചാൽ വ്യാജമദ്യവും വിഷമദ്യവും സുലഭമാകുന്നതാണ് ഏറ്റവും ദുഃഖകരമായ ഭവിഷ്യത്ത്. 1920-ൽ അമേരിക്ക മദ്യനിരോധനം ഏർപ്പെടുത്തിയെങ്കിലും പരാജയപ്പെട്ടു. കാനഡയിൽ 1907 മുതൽ 1917 വരെ മദ്യനിരോധനം ഏർപ്പെടുത്തിയെങ്കിലും അവിടെയും പരാജയപ്പെട്ടു. മദ്യാസക്തിയും മദ്യ ഉപഭോഗവും കുറയ്ക്കുവാൻ മദ്യത്തിനെതിരെയുള്ള ശക്തവും യുക്തിപ്രദവുമായ ബോധവത്കരണം മാത്രമാണ് ഫലപ്രദമായ മാർഗം. മദ്യാസക്തിയുള്ളവർ സ്വയം നിയന്ത്രിച്ച് ജീവിതം ചിട്ടപ്പെടുത്തിയാൽ മദ്യംകൊണ്ട് ഉണ്ടാകുന്ന വിപത്ത് ഒരു പരിധിവരെ ലഘൂകരിക്കാൻ സാധിക്കും.