30

ഉദിയൻകുളങ്ങര: കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് ആഴാംകുളം ഭാഗത്ത് കണ്ടത് കരടിയെ ആണെന്ന് ഉറപ്പിക്കാനാവാതെ വനം വകുപ്പ്. കാട്ടുപന്നി ആയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസും വനം വകുപ്പും. വ്യാഴാഴ്ച വൈകിട്ട് രണ്ട്കുട്ടികളും മുതിർന്നവരുമാണ് ആഴാംകുളത്ത് കരടിയെ കണ്ടെന്നു പറഞ്ഞത്. ഇവർ ഇക്കാര്യം പാലിയോട് വാർഡ് മെമ്പറായ രതീഷിനെ അറിയിച്ചു. രതീഷ് അക്കാര്യം പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചു. കരടിയാണെന്ന് ഇവർ ഉറപ്പിച്ചു പറഞ്ഞതോടെ പിടികൂടാനുള്ള കൂടുമായാണ് വനംവകുപ്പ് സംഘം എത്തിയത്. രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനായില്ല. വീണ്ടും കരടിയെ കണ്ടാൽ അറിയിക്കണമെന്ന നിർദ്ദേശിച്ച ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി.

ഇന്നലെ രാവിലെ ആഴംകുളം, തെങ്ങിൻകുഴി ഭാഗങ്ങളിൽ നാട്ടുകാരും വനം വകുപ്പും പൊലീസും അരിച്ചുപെറുക്കിയെങ്കിലും കരടിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. ഈ പ്രദേശങ്ങളിൽ കരടിയുടെ കാല്പാടുകളും കണ്ടെത്താനായില്ല. അതിനാൽ തന്നെ,​ നാട്ടുകാർ കണ്ടത് കാട്ടുപന്നിയെ ആയിരിക്കാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കാട്ടുപന്നിയുടേതിന് സമാനമായ കാൽപ്പാടുകളും കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആഴംകുളത്തിന്റെ ഒരു ഭാഗം ക്വാറിയും മറുഭാഗം വനമേഖലയുമാണ്. അതിനാൽ തെരച്ചിൽ ദുഷ്‌കരമാണെന്ന് പൊലീസ് പറഞ്ഞു.

 ആശങ്ക ഒഴിഞ്ഞില്ല
കരടിയെ കണ്ടതായുള്ള വാർത്ത പുറത്തുവന്നതോടെ ആഴാംകുളം,​ പാലിയോട് ഭാഗത്ത് താമസിക്കുന്നവർ ആശങ്കയിലാണ്. വിദ്യാർത്ഥികളെ സ്‌കൂളിൽ വിടാൻ പോലും രക്ഷിതാക്കൾ ഭയക്കുകയാണ്. വളർത്തുമൃഗങ്ങളെ മേയാൻ വിടാനും ഇവർ മടിക്കുന്നു. ഒരു മാസം മുമ്പും ഇതേ സ്ഥലത്ത് കരടിയെ കണ്ടതായി നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ,​ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല