നേമം: രണ്ട് പുതിയ കെട്ടിടങ്ങളും ആധുനിക സംവിധാനങ്ങളുമുൾപ്പെടെ 29.24 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും നടപ്പാകുന്നതോടെ ശാന്തിവിള ഗവ.താലൂക്ക് ആശുപത്രിയുടെ മുഖച്ഛായ മാറും. നബാർഡ് സ്‌കീമിൽ ഉൾപ്പെടുത്തി സെല്ലാർ ഉൾപ്പെടെ നിർമ്മിക്കുന്ന ഏഴുനില കെട്ടിടവും എൻ.എച്ച്.എം നിർമ്മിക്കുന്ന മൂന്നുനില കെട്ടിടവുമാണ് ശാന്തിവിള ഗവ.താലൂക്ക് ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റാനൊരുങ്ങുന്നത്. നിലവിലെ ആശുപത്രി കോമ്പൗണ്ടിന്റെ പിന്നിലാണ് നബാർഡ് കെട്ടിടം ഒരുങ്ങുന്നത്. ആർ.സി.സി മാതൃകയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് 3633.58 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ടാകും. 22.24 കോടി രൂപയാണ് ചെലവ്. ഈ കെട്ടിടത്തിൽ ഒഫ്താൽമോളജി, റ്റി.ബി ഡയഗനോസ്റ്രിക് യൂണിറ്റ് ഉൾപ്പെടെ എല്ലാവിഭാഗം ഒ.പികളുമുണ്ടാകും. കൂടാതെ രണ്ട് ഓപ്പറേഷൻ തിയേറ്ററുകളും രോഗികൾക്കുള്ള ലിഫ്റ്റും സാധനങ്ങൾ കയറ്റുന്നതിനുള്ള ഡംപ് ലിഫ്റ്റും എക്‌സ്‌റേ വിഭാഗവുമുണ്ടായിരിക്കും. അഗ്നിശമന നിവാരണത്തിനുള്ള സജ്ജീകരണവും മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സംവിധാനവുമുണ്ട്.
ഏഴ് കോടി രൂപ ചെലവിട്ട് എൻ.എച്ച്.എം നിർമ്മിക്കുന്ന മൂന്ന് നിലകളുള്ള കെട്ടടത്തിൽ ട്രോമ കെയർ യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്,കോൺഫറൻസ് ഹാൾ എന്നിവയുൾപ്പെടെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുക. നിലവിലെ ഒ.പി മന്ദിരം, വലതുവശത്തെ സൂപ്രണ്ട് ഓഫീസ് ഉൾപ്പെടുന്ന കെട്ടിടം,പിന്നിലെ ടോയ്‌ലെറ്റ് എന്നിവ പൊളിച്ചുമാറ്റും. 2026ൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. പദ്ധതിയുടെ പൈലിംഗ് ജോലികൾ പുരോഗമിക്കുകയാണ്.