vld-1

വെള്ളറട: സ്വീഡനിൽ നടക്കുന്ന ലോകമാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് പോകുന്ന 12 അംഗ സംഘത്തിലുള്ള വെള്ളറട അഞ്ചുമരങ്കാല വട്ടവിളവീട്ടിൽ ആർ.എം.രജിത സുനിൽ (42) ഇന്ന് യാത്ര തിരിക്കും. സ്വീഡനിലെ ഗേഡൻ വർക്കിൽ 13 മുതൽ 25 വരെയാണ് മത്സരം. നാളെ വൈകിട്ട് നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനം കയറും. 400 മീറ്റർ, 800 മീറ്റർ എന്നീ ഇനങ്ങളിലാണ് മത്സരിക്കുന്നത്.

2018ൽ കർണാടകയിൽ നടന്ന മാസ്റ്റേഴ്സ് അത‌്ലറ്റിക് മീറ്റിൽ ഷൂ ധരിക്കാതെ ഓടി രജിത സ്വ‌ർണ മെഡൽ നേടിയിരുന്നു. ഓട്ടത്തിനിടെ കാൽ വിരലുകൾ പൊട്ടിയിട്ടും അടുത്ത ദിവസം നടന്ന ട്രിപ്പിൾ ജമ്പിലും സ്വർണം നേടി. നിരവധി മത്സരങ്ങളിൽ മെഡൽ നേടിയിട്ടുണ്ട്. 2019ലെ നാസിക്ക് മാസ്റ്റേഴ്സ് മീറ്റ്, സിംഗപ്പൂരിൽ നടന്ന ഇന്റർനാഷണൽ മത്സരം, 2020ൽ ഹരിയാനയിലെ മാസ്റ്റേഴ്സ് മത്സരം, ബ്രൂണോയിൽ നടന്ന ഇന്റർനാഷണൽ മീറ്റ്, 2021ൽ വാരണാസിയിൽ നടന്ന നാഷണൽ മീറ്റ്, കൊൽക്കത്തയിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റ് എന്നിവയിൽ പങ്കെടുത്ത് സ്വർണം ഉൾപ്പെടെ നേടിയിട്ടുണ്ട്. 2024ൽ പൂനെയിൽ നടന്ന മാസ്റ്റേഴ്സ് നാഷണൽ മീറ്റിൽ രണ്ട് വെള്ളി മെഡലുകളും നേടി.

വെള്ളറട മുള്ളിലവുവിള പയർവിംഗ് ഫിസിക്കൽ ട്രെയിനിംഗ് സെന്ററിലെ ട്രെയിനറാണ് രജിത. അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ അസോസിയേഷന്റെ സഹായത്തിലാണ് സ്വീഡനിലേക്ക് പോകുന്നത്. സെക്യൂരിറ്റി ജീവനക്കാരനായ സുനിലാണ് ഭർത്താവ്. വിദ്യാർത്ഥികളായ ശബരീനാഥ്, കാശിനാഥ്, ബദരീനാഥ് എന്നിവർ മക്കളാണ്.