ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം കോരാണി ശാഖയുടെ പുതിയതായി ആരംഭിക്കുന്ന ഓഫീസിന്റെ പ്രവർത്തനോദ്ഘാടനവും പ്രതിഭാ സംഗമവും കുടുംബ സമ്മേളനവും നാളെ നടക്കും.കോരാണി പോസ്റ്റോഫീസിന് മുകളിൽ പ്രശാന്തം ബിൽഡിംഗ്സിൽ വൈകിട്ട് 3ന് കുടുംബസമ്മേളനം ആറ്റിങ്ങൽ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്യും.ശാഖാ യോഗം അഡ്മിനിസ്ട്രേറ്റർ ശ്രീകുമാർ പെരുങ്ങുഴിയുടെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠം സ്വാമി വിശാലാനന്ദ ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടത്തും. എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം ഗുരുകൃതികളുടെ സംഗീതാവിഷ്കരണവും വ്യാഖ്യാനവും നടത്തും.വനിതാ സംഘം ട്രഷറർ ഉദയകുമാരി ആശംസപ്രസംഗം നടത്തും.ചടങ്ങിൽ ശാഖാ യോഗത്തിന് മന്ദിര നിർമ്മാണത്തിന് സ്ഥലം വാങ്ങാൻ നേതൃത്വം നൽകിയ ഒൻപത് മുൻ ശാഖാഭാരവാഹികളെ ആദരിക്കും.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഷീൽഡും ക്യാഷ് അവാർഡുകളും നൽകും.തിരഞ്ഞെടുത്ത കിടപ്പുരോഗികൾക്കുളള ചികിത്സാ സഹായ വിതരണവും നടക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഡി.എസ്.ജയകുമാർ സ്വാഗതവും ജെ.അശോകദാസ് നന്ദിയും പറയും.