tragedy

തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ദുരന്തബാധിതരുടെ പുനരധിവാസം വൻ സാമ്പത്തിക ബാദ്ധ്യതയാകുമെങ്കിലും എങ്ങനെയും പണം കണ്ടെത്താനാണ് സർക്കാരിന്റെ ശ്രമം. പുതിയ ടൗൺഷിപ്പിന് 200 ഹെക്ടറിലേറെ ഭൂമിയും 4000 കോടി രൂപയും വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 100കോടി പോലും ലഭിച്ചിട്ടില്ല.സാലറി ചലഞ്ചും പെൻഷൻകാരുടെ തുകയുമൊക്കെ കൂടി 450 കോടി കിട്ടും. കേന്ദ്ര സഹായമാണ് മറ്റൊരു സാധ്യത. ഇന്ന് പ്രധാനമന്ത്രിയുടെ സന്ദർശനവും കേന്ദ്രസംഘത്തിന്റെ വിലയിരുത്തലും കഴിഞ്ഞ് 2000 കോടിയെങ്കിലും നേടിയെടുക്കാനാണ് ശ്രമം. പണം കിട്ടിയില്ലെങ്കിൽ പുനരധിവാസം വൈകുമെന്നതാണ് ആശങ്ക.

അഞ്ച് വർഷം മുമ്പ് വയനാട്ടിലെ തന്നെ പുത്തുമലയിൽ സ്വീകരിച്ച പുനരധിവാസ മാതൃകയിൽ പുതിയ ടൗൺഷിപ്പാണ് വിഭാവനം ചെയ്യുന്നത്. ദുരന്തസ്ഥലത്ത് വീണ്ടും ഒരു ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കാൻ സർക്കാരിന് താൽപര്യമില്ല. പ്രകൃതിക്ക് കോട്ടമുണ്ടാക്കാതെ പുതിയ ജനപദം സൃഷ്‌ടിക്കുമെന്നും അന്താരാഷ്ട്ര പരിസ്ഥിതി സൗഹൃദ ആർക്കിടെക്‌റ്റുകളുടെ സേവനം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു.

 ചൂരൽമലയിൽ നടപ്പാക്കുക പുത്തുമല മാതൃക

പുത്തുമല ദുരന്തത്തിൽ 17പേരാണ് മരിച്ചത്. 22 വീടുകൾ പൂർണ്ണമായി ഒലിച്ചുപോയി. 58വീടുകൾക്ക് കേടുപറ്റി. 43 വീടുകൾ ദുരന്തഭീഷണിയിലുമായി. ഇവിടെ 11.5ഹെക്ടർ ഭൂമി ഏറ്റെടുത്ത് "ഹർഷം" എന്ന ടൗൺഷിപ്പുണ്ടാക്കി. 57 കുടുംബങ്ങൾക്ക് 657 ചതുരശ്ര മീറ്റർ വീടും ഏഴ് സെന്റ് ഭൂമിയുമാണ് നൽകിയത്. വീട് വയ്‌ക്കാൻ 10ലക്ഷം രൂപ വീതം നൽകി. ഇതിൽ നാലു ലക്ഷം സന്നദ്ധസംഘടനകളും മറ്റും നൽകിയതാണ്. സ്വന്തം ഭൂമിയിൽ വീട് വയ്ക്കാൻ 43പേർക്ക് പത്തുലക്ഷം വീതവും നൽകി. ജീവിതോപാധിക്കുള്ള സഹായവും നൽകി. റവന്യൂ വകുപ്പും തദ്ദേശസ്ഥാപനവുമാണ് പദ്ധതി നടപ്പാക്കിയത്. ഇതേ മാതൃകയാവും ചൂരൽമലയിലും. പുത്തുമലയുടെ ഇരുപത് മടങ്ങിലേറെ വ്യാപ്തിയുണ്ട് ചൂരൽമല ദുരന്തത്തിന്. കാണാതായവരുൾപ്പെടെ മരണം അഞ്ഞൂറിനടുത്താണ്. 475വീടുകൾ പൂർണ്ണമായി നശിച്ചു. 1721 കുടുംബങ്ങൾ വേറെയുമുണ്ട്. പുത്തുമലയിൽ വേണ്ടിവന്ന11ഹെക്‌ടർ ഭൂമിയുടെ ഇരുപത് മടങ്ങെങ്കിലും കണ്ടെത്തണം. പുത്തുമലയിൽ 300കോടി ചെലവായെങ്കിൽ ചൂരൽമലയിൽ 4000 കോടിയിലേറെ വേണം. 800ഒാളം വീടുകൾ നിർമ്മിക്കാമെന്ന് ഒാഫറുകളുണ്ട്. എത്രയെണ്ണം യാഥാർത്ഥ്യമാകുമെന്ന് ചർച്ചകൾക്ക് ശേഷമേ വ്യക്തമാവൂ.

"വയനാട് പുനരധിവാസത്തിന് പണം തടസമാകില്ല. എത്ര തുക വേണ്ടിവന്നാലും സർക്കാർ കണ്ടെത്തും."

--മുഖ്യമന്ത്രി പിണറായി വിജയൻ