□അല്ലാത്ത പക്ഷം അവയവ മാറ്റത്തിന് ഇൻഷ്വറൻസില്ല
തിരുവനന്തപുരം : പുതുതായി സർക്കാർ സർവ്വീസിൽ കയറി മെഡിസെപ്പിൽ ചേരുന്നവർ പദ്ധതി തുടങ്ങിയ 2022 മുതലുള്ള പ്രീമിയമടച്ചില്ലെങ്കിൽ അവയവമാറ്റത്തിന് കവറേജില്ലെന്ന് ധനവകുപ്പിറക്കിയ ഉത്തരവിനെതിരെ ജീവനക്കാർ.
അവയവമാറ്റത്തിനും ഗുരുതര രോഗങ്ങൾക്കുമുള്ള ഇൻഷുറൻസ് കവറേജ് ആവശ്യമില്ലെന്ന് രേഖാമൂലം അറിയിക്കുന്നവരെ മാത്രമാണ് മുൻ വർഷത്തെ പ്രീമിയം തുകയിൽ നിന്നും സർക്കാർ ഒഴിവാക്കിയിട്ടുള്ളത്. ഈ നിബന്ധനയ്‌ക്കെതിരെയാണ് ജീവനക്കാരും സംഘടനകളും പ്രതിഷേധിക്കുന്നത്.2022 ജൂലായ് മുതൽ 2025 ജൂൺ30 വരെയാണ് നിലവിലെ മെഡിസെപ്പ് പദ്ധതിയുടെ കാലാവധി. ഈ മൂന്ന് വർഷങ്ങളിലെ പ്രീമിയം തുകയായ 18000 രൂപ പ്രതിമാസ പ്രീമിയത്തിലൂടെ അടയ്ക്കുന്നവർക്ക് മാത്രമാണ് അവയവമാറ്റത്തിനും ഗുരുതര രോഗങ്ങൾക്കുമുള്ള പരിരക്ഷ ലഭിക്കുകയെന്നാണ് ധനവകുപ്പിന്റെ വാദം.നിലവിൽ മെഡിസെപ്പ് പദ്ധതിയിൽ ചേരുന്നവർ മുൻവർഷങ്ങളിലെ പ്രീമിയം കൂടി അടയ്ക്കണമെന്ന് മുമ്പ് ഇറക്കിയ ഉത്തരവിനെതിരെ നിരവധി പരാതികൾ സർവ്വീസ് സംഘടനകൾ സർക്കാരിന് നൽകിയിരുന്നു. ഇതോടെയാണ് മുൻവർഷങ്ങളിലെ പ്രീമിയം പുതുതായി ചേരുന്നവർക്ക് വ്യവസ്ഥകളോടെ ഒഴിവാക്കിയത്.
ജീവനക്കാർ മാസം തോറും പ്രീമിയമടച്ചാലും മെഡിസെപ്പിന്റെ പ്രധാന ആകർഷണമെന്ന് വിശേഷിപ്പിച്ച അവയവമാറ്റ ശസ്ത്രക്രിയക്ക് തുക അനുവദിക്കില്ലന്ന് പറയുന്നത് നീതി നിഷേധമാണെന്ന് സെക്രട്ടേറിയറ്റ്
ആക്ഷൻ കൗൺസിൽ ആരോപിച്ചു.ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ മാത്രം പ്രതിമാസ പ്രീമിയം സ്വീകരിക്കുന്ന രീതി അവലംബിക്കണമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസ് ആവശ്യപ്പെട്ടു.