vallabhan

മലയിൻകീഴ്: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആന വല്ലഭന്റെ കാലിലെ മുറിവ് ഒന്നര മാസത്തെ ചികിത്സയ്ക്കൊടുവിൽ ഉണങ്ങി.മദപ്പാടിലായ ആനയുടെ കാലിൽ ചങ്ങലക്കെട്ടുരഞ്ഞ് ഉണ്ടായ ആഴത്തിലുള്ള മുറിവ് ഏറെ വിവാദമുണ്ടാക്കിയിരുന്നു.

മദപ്പാട് മാറി മുറിവുണങ്ങിയതോടെ വല്ലഭന് കർക്കടക മാസത്തിൽ സ്ഥിരമായി നൽകുന്ന സുഖചികിത്സ ഇന്നലെ ആരംഭിച്ചു.ക്ഷേത്രം മേൽശാന്തി ഗോവിന്ദൻനമ്പൂതിരി മരുന്നുരുള നൽകി.ദേവസ്വം വെറ്റിനറി ഡോക്ടറുടെ നിർദ്ദേശാനുസരണം പ്രോട്ടീൻ പൗഡറും ലിവിക്‌സ് 62 എന്ന ഗുളികയും അരി,റാഗി,പയർ,കരുപ്പെട്ടി എന്നിവ ചേർത്ത മരുന്നുരുളയാണ് തയ്യാറാക്കി നൽകിയത്.

ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അജിത് കുമാർ,ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ വിനോദ്,മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാരംഭിച്ച ചികിത്സ 15 ദിവസം തുടരും.