ശംഖുംമുഖം: ആകാശത്ത് വിമാനത്തിന്റെ ഇരമ്പൽകേട്ടാൽ അതേത് വിമാനമെന്ന് തിരിച്ചറിയുന്ന അനാമികയുടെ 'പ്ലെയിൻ സ്പോട്ടിംഗ് ഫോട്ടോകൾ' പട്ടം സെന്റ് മേരിസ് ഹയർസെക്കൻഡറി സ്‌കൂളിലെ സയൻസ് ഫെയറിൽ ശ്രദ്ധനേടി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഏക വനിതാ പ്ലെയിൻ സ്‌പോട്ടറായ പ്ളസ്ടൂകാരിയാണ് അനാമിക. ആയിരക്കണക്കിന് വിമാനങ്ങളുടെ ചിത്രങ്ങൾ കാമറയിൽ പകർത്തിയ അനാമികയെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതോടെ ആത്മവിശ്വാസം ലഭിച്ച അനാമിക ഫോട്ടോകൾ പ്രദർശനത്തിന് ഒരുക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ എയർഇന്ത്യ വൺ വിമാനം പരിശീലനപ്പറക്കലിനിടെ ഇന്ധനം നിറയ്ക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയതിന്റെയും പ്രധാനമന്ത്രി ന്യൂയോർക്ക് സന്ദർശിച്ചപ്പോൾ ഫ്ലൈ റഡാർ ആപ്ളിക്കേഷനിൽ കാണിച്ചതിന്റെയും വയനാട് ദുരന്തഭൂമിയിലേക്ക് പോകുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇന്ത്യൻ എയർഫോഴ്സിന്റെ കൂറ്റൻ വിമാനത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.
പ്ലെയിൻ സ്പോട്ടിംഗ്
ചിത്രങ്ങളോടൊപ്പം വിമാനത്തിന്റെ വലിപ്പം, ശബ്ദം, ആകൃതി, എൻജിന്റെ നിറം,കോക്ക്പിറ്റിന്റെ സ്ഥാനം,വിമാനത്തിന്റെ നമ്പറുകൾ എന്നിങ്ങനെ സാദ്ധ്യമായ വിവരങ്ങൾ ശേഖരിക്കുകയും നിരീക്ഷണങ്ങൾ രേഖപെടുത്തുകയും ചെയ്യുന്ന രീതിയാണ് പ്ലെയിൻ സ്‌പോട്ടിംഗ്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളിലൂടെ വിമാനങ്ങളുടെ ഇരമ്പൽ കേട്ടാൽ പോലും ഏത് വിമാനമാണ് പേകുന്നതെന്ന് തിരിച്ചറിയാനാകും.