തിരുവനന്തപുരം: ഭക്ഷ്യസംസ്‌കരണ മേഖലയുടെ വളർച്ചയ്ക്ക് നവീന സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ തേടണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. നിക്ഷേപകരും സർക്കാരും വ്യവസായ, അക്കാഡമിക് രംഗത്തുള്ളവരും സഹകരിച്ച് ഈ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ വരുത്താമെന്നും മന്ത്രി പറഞ്ഞു.
ചെന്നൈയിൽ നടക്കുന്ന 'ഫുഡ്‌പ്രോ 2024' അന്താരാഷ്ട്ര സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും പതിനഞ്ചാം പതിപ്പിൽ ഇന്നലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസംസ്‌കരണ മേഖലയിൽ ബ്ലോക്ക് ചെയിൻ, ഓട്ടോമേഷൻ, തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ കേരളം കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. ഇതിലൂടെ മാലിന്യങ്ങൾ കുറയ്ക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സാധിച്ചു. ഈ മേഖലയിൽ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തിയുള്ള അനേകം മികച്ച പദ്ധതികൾ കേരളം നടപ്പാക്കിയിട്ടുണ്ട്. കോൾഡ് ചെയിൻ ലോജിസ്റ്റിക്സിലും സ്മാർട്ട് പാക്കേജിംഗിലുമുള്ള നവീന സംരംഭങ്ങൾ മാതൃകകളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോൺഫഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) സംഘടിപ്പിച്ച ത്രിദിന പരിപാടിയിൽ പങ്കെടുത്ത സംരംഭകർ നവീന സാങ്കേതികവിദ്യകളും പുത്തൻ പ്രവണതകളും പരിചയപ്പെടുത്തി. ഈ രംഗത്തെ അവസരങ്ങളെയും വെല്ലുവിളികളെയും സമ്മേളനം ചർച്ച ചെയ്തു. കേരളത്തിലെ വിശാലമായ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും സമൃദ്ധിയിലേക്കുള്ള സംസ്ഥാനത്തിന്റെ പ്രയാണത്തിൽ പങ്കാളികളാകാനും നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും മന്ത്രി കേരളത്തിലേയ്ക്ക് സ്വാഗതം ചെയ്തു.
വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സി.ഐ.ഐ ദക്ഷിണ മേഖല ചെയർപേഴ്സൺ ഡോ. ആർ നന്ദിനി, സി.ഐ.ഐ ഫുഡ്‌പ്രോ എക്സ്‌പോ ചെയർമാൻ ബി. ത്യാഗരാജൻ തുടങ്ങിയവർ പങ്കെടുത്തു.