തിരുവനന്തപുരം: കുടിവെള്ളം മുട്ടിച്ചുള്ള 'പണി'ക്ക് വിരാമമിട്ടില്ലെങ്കിൽ സ്‌മാർട്ട്‌സിറ്റി റോഡ് നിർമ്മാണം തടയുമെന്ന മുന്നറിയിപ്പുമായി വഴുതക്കാട്, തൈക്കാട്, വലിയശാല, വഞ്ചിയൂർ, പാളയം, തമ്പാനൂർ, ശ്രീകണ്ഠേശ്വരം വാർഡുകളിലെ ജനങ്ങൾ. കുടിവെള്ള വിതരണത്തിലെ തടസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ എം.എൽ.എ ക്വാർട്ടേഴ്സിൽ ആന്റണി രാജു എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് സ്‌മാർട്ട് സിറ്റി പണികൾക്കു നേരെ ജനരോഷം അണപൊട്ടിയത്. ജനങ്ങളുടെ കുടിവെള്ളം മുട്ടുന്ന സാഹചര്യത്തിൽ ജനങ്ങൾക്കൊപ്പം തങ്ങളും തെരുവിലിറങ്ങുമെന്ന് ഭരണപക്ഷ കൗൺസിലർമാർ വ്യക്തമാക്കി. പല വാർഡുകളിലും ഒരുമാസമായി കുടിവെള്ളം കിട്ടാക്കനിയാണെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു.
ചിലയിടങ്ങളിൽ പുലർച്ചെ മൂന്നോടെ ലൈനിൽ വെള്ളമെത്തുമെങ്കിലും അഞ്ചരയോടെ നിലയ്ക്കും. അസമയത്തുള്ള ജലവിതരണം വൃദ്ധരെ ബുദ്ധിമുട്ടിലാക്കുന്നു. അതിനാൽ വൃദ്ധർ മാത്രം താമസിക്കുന്ന വീടുകൾ കുടിവെള്ളം വിലകൊടുത്ത് വാങ്ങുകയാണ്. ഇടറോഡുകളിൽ ടാങ്കറുകളിൽ പോലും ജലമെത്തിക്കാനാകാത്ത സാഹചര്യമാണെന്ന് കൗൺസിലർമാർ കുറ്റപത്രം.
ഏകോപനമില്ലെന്ന് വിമർശനം
ജല അതോറിട്ടി, കേരള റോഡ് ഫണ്ട് ബോർഡ്, സ്‌മാർട്ട് സിറ്റി, എന്നിവയുടെ ഏകോപനമില്ലായ്മയാണ് പ്രശ്നത്തിന് കാരണമെന്നായിരുന്നു പ്രധാന വിമർശനം. ഉദ്യോഗസ്ഥർ പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടില്ലെങ്കിൽ ജനം തെരുവിലിറങ്ങുമെന്നും താനടക്കം അവർക്കൊപ്പമായിരിക്കുമെന്നും ആന്റണി രാജു മുന്നറിയിപ്പ് നൽകി. കുടിവെള്ളപ്രശ്നം സമയബന്ധിതമായി പരിഹരിക്കുന്നതിന് കർമ്മപദ്ധതിക്ക് യോഗം രൂപംനൽകി. ശുദ്ധജല വിതരണ പൈപ്പുകളുടെ 17 ഇന്റർകണക്ഷൻ പ്രവൃത്തികൾ പൂർത്തിയായതായും ശേഷിക്കുന്ന ഏഴെണ്ണം കൂടുതൽ ജീവനക്കാരെയും ജോലിക്കാരെയും നിയോഗിച്ച് രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്നും ജല അതോറിട്ടി ഉറപ്പ് നൽകി. വെള്ളയമ്പലം മുതൽ മാനവീയംവീഥി വരെയുള്ള കാസ്റ്റ് അയൺ പൈപ്പുകൾ മാറ്റി കൂടുതൽ വ്യാസമുള്ള ജി.ഐ പൈപ്പുകൾ സ്ഥാപിച്ച് ഒരാഴ്ചയ്ക്കുള്ളിൽ വെള്ളയമ്പലം മുതൽ വലിയശാല വരെയുള്ള ശുദ്ധജല വിതരണം കാര്യക്ഷമമാക്കുമെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു. എല്ലാ വെള്ളിയാഴ്ചയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേരും. കൗൺസിലർമാരായ പാളയം രാജൻ, രാഖി രവികുമാർ, മാധവദാസ്, ഹരികുമാർ, കൃഷ്ണകുമാർ, ഷീജാ മധു, രാജേന്ദ്രൻ നായർ, സ്മാർട്ട്സിറ്റി ജനറൽ മാനേജർ,കെ.ആർ,എഫ്.ബി ജനറൽ മാനേജർ, കോൺട്രാക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത അവലോകനയോഗം 16ന് സ്മാർട്ട് സിറ്റി ഓഫീസിൽ നടക്കും.