തിരുവനന്തപുരം: പുനരുപയോഗിക്കാനാകാത്ത മാലിന്യ സംസ്‌കരണം എളുപ്പത്തിലാക്കാൻ സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച ആർ.ഡി.എഫ് പ്ലാന്റ് ഉടൻ പ്രവർത്തനം തുടങ്ങും. ചാല സന്മതി പാർക്കിൽ ആരംഭിക്കുന്ന പ്ലാന്റിന്റെ ട്രയൽ റൺ ഇന്നലെ മന്ത്രി എം.ബി.രാജേഷ് നടത്തി. പ്രതിദിനം ഒരു ടൺ മാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന പ്ലാന്റ് സ്മാർട്ട് സിറ്റി മിഷന്റെ നേതൃത്വത്തിൽ 1.80 കോടി രൂപ ചെലവിലാണ് സ്ഥാപിച്ചത്. പുനരുപയോഗിക്കാനാവാത്ത മാലിന്യം സംസ്‌കരിച്ച് കൽക്കരിക്ക് പകരം ഉപയോഗിക്കുന്ന 'ബ്രിക്കറ്റ്' ആക്കി മാറ്റുകയാണ് പ്ളാന്റിൽ ചെയ്യുക.
അതിവേഗം ഇന്ധനം
നഗരത്തിലെ വേർതിരിക്കാനാകാത്ത മാലിന്യങ്ങളും ഡയപ്പർ, പ്ലാസ്റ്റിക്, റെക്‌സിൻ, തെർമോക്കോൾ തുടങ്ങിയവയും ഹരിതകർമസേന ശേഖരിക്കുന്നവയിൽ റീസൈക്കിൾ ചെയ്യാനാകാത്തവയും 'സ്മാർട്ട് മെഷീൻ' സംസ്‌കരിച്ച് ഇന്ധനമാക്കും. ഇന്നോ ആസ്ബിൽഡംഗ് കമ്പനിയുടെ ഈ മെഷീൻ പൈറോളിസിസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ ഒരുസമയം 40 കിലോ മാലിന്യം നിക്ഷേപിക്കാം. 15 മിനിട്ടിനുള്ളിൽ പൊടിച്ച് ബ്ലഫ് ആക്കി മാറ്റും. യാതൊരുവിധ പുറന്തള്ളലുകളും ഇല്ലാത്തതിനാൽ വായുമലിനീകരണമോ അന്തരീക്ഷ താപനിലയുടെ വർദ്ധനവോ ഉണ്ടാകില്ല.
കൂടുതൽ പ്ളാന്റുകൾ വരും
ചാലയ്ക്ക് പുറമെ ചെന്തിട്ട ഹെൽത്ത് സർക്കിളിലും പ്ലാന്റ് സ്ഥാപിക്കും. കൂടാതെ കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള ഫോർട്ട്‌കൊച്ചി, പടിയാത്ത് എന്നിവിടങ്ങളിലും സ്ഥാപിക്കും. 24 ചതുരശ്ര അടി സ്ഥലത്ത് സ്ഥാപിക്കാവുന്ന മെഷീനാണിത്. സ്‌മാർട്ട് സിറ്റിയുടെ നേതൃത്വത്തിൽ ഹാബിറ്റാറ്റ് ഫോർ ഓൾ സംഘടനയുടെ സഹകരണത്തിലാണ് പ്ലാന്റ് സ്ഥാപിച്ചത്. അഞ്ചുവർഷം അവർക്കാണ് നടത്തിപ്പ് ചുമതല. പിന്നീട് സർക്കാർ ഏറ്റെടുക്കും. ഉത്പാദിപ്പിക്കുന്ന ബ്രിക്കറ്റ് കമ്പനികൾക്ക് വിൽക്കും.ഗ്രീൻ വേം എന്ന കമ്പനിയാണ് ഇന്ധനമെടുക്കുന്നത്. ഇവർക്ക് രണ്ട് സിമന്റ് കമ്പനികളുമായി കരാറുണ്ട്. ഇവിടെ നിന്ന് ശേഖരിക്കുന്ന പദാർത്ഥം ഈ കമ്പനികൾക്ക് കൈമാറും.നല്ലരീതിയിലുള്ള ഇന്ധന പദാർത്ഥമാണെങ്കിൽ കിലോയ്ക്ക് 50 പൈസ മുതൽ ഒരു രൂപ വരെ ലഭിക്കും.
നഗരമാലിന്യ സംസ്‌കരണത്തിൽ പുതിയ ചുവടുവയ്പാണ് സംസ്ഥാനം നടത്തുന്നത്.അതിന് ഉദാഹരണമാണ് ആർ.ഡി.എഫ് പ്ലാന്റ്
- എം.ബി.രാജേഷ്, മന്ത്രി