ആറ്റിങ്ങൽ: വനിതകൾക്ക് വരുമാനത്തിനായി ആരംഭിച്ച കൊല്ലമ്പുഴയിലെ കുടുംബശ്രീ ഹോട്ടലിന് കെട്ടിടം ഉദ്ഘാടനം നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം മാത്രമില്ല. വനിതകൾക്ക് വരുമാനമാർഗ്ഗമാകുന്ന പദ്ധതി കൊവിഡിന് മുമ്പ് ആസൂത്രണം ചെയ്തതാണ്.
ലോക്ക്ഡൗൺ വന്നതോടെ പദ്ധതികളെല്ലാം വെള്ളത്തിലായി. കൊല്ലമ്പുഴയിൽകുട്ടികളുടെ പാർക്കിനോടനുബന്ധിച്ച സ്ഥലത്താണ് കുടുംബശ്രീ ഹോട്ടലിനായി കെട്ടിടം തയാറാക്കിയത്. ബൈപാസ് റോഡിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഈ കെട്ടിടം ബൈപാസിനോട് ചേർന്നാകും. ഇത് വലിയ സാദ്ധ്യതകൾ തുറന്നിടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തുകാർ.
ടൂറിസം വകുപ്പിൽ നിന്ന് 1.80 കോടി രൂപ ചെലവിട്ടാണ് കൊല്ലമ്പുഴയിൽ കുട്ടികളുടെ പാർക്കും ബോട്ടുജട്ടിയും നിർമ്മിച്ചത്. ബോട്ടുജട്ടിയുടെ പ്രവർത്തനത്തിനായി പാർക്കിൽ ഒരു കെട്ടിടം നിർമ്മിച്ചു. ബോട്ടുജട്ടി പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതോടെ ഇവിടെ ആസൂത്രണം ചെയ്ത പദ്ധതികൾനടപ്പാക്കാൻ കഴിയാതായി. തുടർന്ന് വിനോദസഞ്ചാരവകുപ്പ് 28 ലക്ഷം രൂപ ചെലവിട്ട് പാർക്ക് നവീകരിച്ച് കെട്ടിടങ്ങൾ നഗരസഭയ്ക്ക് കൈമാറി. ഇതോടെ ബോട്ടുജെട്ടിയുടെ പ്രവർത്തനത്തിനായി നിർമ്മിച്ച കെട്ടിടത്തിൽകുടുംബശ്രീഹോട്ടലെന്ന പദ്ധതിയും ആവിഷ്കരിച്ചു. ഏറെക്കാലം അടച്ചിട്ടിരുന്ന കുട്ടികളുടെ പാർക്ക് മാസങ്ങൾക്ക് മുമ്പ് തുറന്നു. പക്ഷെ ഹോട്ടൽ മാത്രം തുറന്നില്ല.