തിരുവനന്തപുരം: ബൈക്കിന് പിന്നിൽ കാറിടിച്ചു തെറിച്ചു വീണ ബൈക്ക് യാത്രികനായ യുവാവിന്റെ ദേഹത്തു കൂടി പിന്നാലെയെത്തിയ ബൈക്ക് കയറിയിറങ്ങി. കനകക്കുന്ന് ഗേറ്റിന് മുൻവശം ഇന്നലെ വൈകിട്ട് 3നാണ് സംഭവം. നെയ്യാറ്റിൻകര മാരായമുട്ടം പാലിയോട് സ്വദേശി മുസ്തർ ലിംസന്റെ മകൻ അശ്വിൻ (23) ആണ് അപകടത്തിൽപ്പെട്ടത്. ആയുർവേദ കോളേജിനടുത്ത് സ്വകാര്യ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയാണ് അശ്വിൻ. ഭക്ഷണം കഴിച്ച ശേഷം ജോലിയുമായി ബന്ധപ്പെട്ട് വെള്ളയമ്പലത്തേക്ക് പോകുകയായിരുന്നു. പിന്നാലെ വന്ന കാർ ഇടിച്ചു തെറിപ്പിച്ചിട്ട് നിറുത്താതെ പോയി. റോഡിലേക്ക് തെറിച്ചു വീണ അശ്വിന്റെ ദേഹത്തു കൂടി മറ്റൊരു ബൈക്ക് കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാരും മ്യൂസിയം പൊലീസും ചേർന്നാണ് അനങ്ങാൻ പോലും കഴിയാത്ത അശ്വിനെ ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചത്. ശരീരമാസകലം മുറിവും കൈയ്ക്ക് പൊട്ടലുമുണ്ട്. ഇടിച്ച ബൈക്ക് യാത്രക്കാരനെയും ബൈക്കും മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.