s

തിരുവനന്തപുരം: ജലജീവൻ മിഷൻ പദ്ധതിക്കായി സംസ്ഥാന വിഹിതമായ 285 കോടി രൂപ ധനവകുപ്പ് അനുവദിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര വിഹിതമായ 292 കോടി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇതോടെ 577 കോടി പദ്ധതിക്കായി ലഭിച്ചു. 40,000 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതുവരെ ആകെ അനുവദിച്ചത് 10,371.98 കോടിയും.

കേന്ദ്ര സംസ്ഥാന പദ്ധതിയായ ജലജീവൻ മിഷനിൽ 50 ശതമാനം തുക സംസ്ഥാനമാണ് മുടക്കുന്നത്. ഇതുവരെ 54% കണക്ഷനുകളാണ് നൽകിയത്. ശേഷിക്കുന്നത് ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതിദിനം

100 ലിറ്റർ

കേന്ദ്ര മാർഗ നിർദ്ദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ വെള്ളമാണ് നൽകേണ്ടത്. എന്നാൽ സംസ്ഥാനത്ത് ഒരാൾക്ക് പ്രതിദിനം 100 ലിറ്ററാണ് കണക്കാക്കുന്നത്. കേരള വാട്ടർ അതോറിട്ടി,ജലനിധി,ഭൂജല വകുപ്പ് എന്നിവരാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിർവഹണ ഏജൻസികൾ.