മലയോര ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ശബരി റെയിൽപ്പാതയ്ക്കായി 26 വർഷമായി കേരളീയർ കാത്തിരിക്കുകയാണ്. അങ്കമാലിയിൽ നിന്ന് എരുമേലി വരെ നീളുന്ന പാതയിൽ ഇതിനകം പത്തുകിലോമീറ്ററാണ് പൂർത്തീകരിക്കാൻ കഴിഞ്ഞത്. ആരംഭശൂരത്വം കഴിഞ്ഞപ്പോൾ പദ്ധതി അപ്പാടെ പാളംതെറ്റുകയായിരുന്നു. പദ്ധതി ഒരിഞ്ചുപോലും മുന്നോട്ടു പോകാത്തതിനെച്ചൊല്ലി കേന്ദ്ര റെയിൽവേ വകുപ്പും കേരളവും തമ്മിൽ കുറ്റപ്പെടുത്തലുകളും പഴിചാരലുമല്ലാതെ ക്രിയാത്മക നടപടികൾ ഉണ്ടാകുന്നില്ല. കേരളത്തോട് കേന്ദ്രം സ്ഥിരമായി പുലർത്തുന്ന അവഗണനയാണ് ശബരി പാതയുടെ കാര്യത്തിലും ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
സംസ്ഥാനത്തിന്റെ നിസ്സഹരണമാണ് ശബരിപാത മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയിൽ ചോദ്യത്തിന് മറുപടി നൽകിയിരുന്നു. അതിനുള്ള മറുപടിയെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്ത് റെയിൽവേ വകുപ്പിന്റെ ചുമതലയുള്ള അബ്ദുറഹ്മാനും റെയിൽവേ മന്ത്രിയുടെ പ്രസ്താവന കാര്യങ്ങൾ ശരിയായി മനസിലാക്കാതെ ഉള്ളതാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശബരി പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് 3811 കോടി രൂപയാണ്. 26 വർഷം മുൻപ് പദ്ധതിക്കു തുടക്കമിട്ടപ്പോൾ എസ്റ്റിമേറ്റ് ആയിരം കോടി രൂപയ്ക്കു താഴെയായിരുന്നു. ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്നാണ് നിബന്ധന. എസ്റ്റിമേറ്റ് ഭീമമായി ഉയർന്നുകഴിഞ്ഞ സ്ഥിതിക്ക് സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്തിയാലേ ചെലവിന്റെ പകുതി നൽകാനാവൂ എന്നതാണ് സംസ്ഥാന നിലപാട്.
റെയിൽവേ വികസന പദ്ധതികൾക്കായി കേരളത്തിന് അനുവദിച്ച 2125 കോടി രൂപ ചെലവഴിച്ചിട്ടില്ലെന്ന റെയിൽവേ മന്ത്രിയുടെ ആരോപണം വസ്തുതകൾക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിക്കുന്നു. ശബരി പാത പദ്ധതി തന്നെ മരവിപ്പിച്ചിരിക്കുകയാണെന്ന സത്യാവസ്ഥയും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംസ്ഥാനത്ത് റെയിൽവേ വികസന പദ്ധതികളെല്ലാം മുടങ്ങാൻ കാരണമെന്ന നിലപാടിലാണ് കേന്ദ്ര മന്ത്രി. ഉത്തരേന്ത്യയിലെപ്പോലെ കേരളത്തിൽ തുച്ഛവിലയ്ക്ക് വിട്ടുകൊടുക്കാൻ ഒട്ടും സ്ഥലമില്ലെന്നതാണ് യാഥാർത്ഥ്യം. അതേസമയം, ശബരി പാതയുടെ ആദ്യ 70 കിലോമീറ്ററിൽ ഏറ്റെടുക്കേണ്ട ഭൂമി കല്ലിട്ടു തിരിച്ചതാണ്. അങ്കമാലിയിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. അതിനു ശേഷമാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. അങ്കമാലി - എരുമേലി പാതയ്ക്കു പകരം ചെങ്ങന്നൂരിൽ നിന്ന് പമ്പ വരെ നീളുന്ന മറ്റൊരു പദ്ധതിയുടെ സർവേയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. പ്രധാനമായും ശബരിമല തീർത്ഥാടകർക്കു മാത്രമേ ഈ പാത പ്രയോജനപ്പെടുകയുള്ളൂ.
അതേസമയം, നിർദ്ദിഷ്ട അങ്കമാലി - എരുമേലി പാത മലയോര ജില്ലകൾക്കാകമാനം പ്രയോജനപ്പെടുന്നതും സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യുന്നതുമാണ്. എരുമേലിയിൽ നിന്ന് പിന്നീട് അത് തിരുവനന്തപുരത്തേക്കും ബാലരാമപുരത്തേക്കും നീട്ടിയാൽ വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കു നീക്കത്തിനും പ്രയോജനകരമാകും. നിർദ്ദിഷ്ട വിഴിഞ്ഞം - കടമ്പാട്ടുകോണം റിംഗ് റോഡ് പൂർത്തിയാകുന്നതിനൊപ്പം ഈ പാതയുടെ ഇരുവശങ്ങളും വ്യാവസായിക ഇടനാഴികളായി മാറാൻ പോവുകയാണ്. റെയിൽപ്പാത കൂടി വന്നാൽ വലിയ മാറ്റങ്ങൾക്കാകും അത് തുടക്കമിടുക. ഭാവി സാദ്ധ്യതകൾ കൂടി ഉൾക്കൊണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുന്നതിലാണ് മിടുക്കു കാണിക്കേണ്ടത്. ശബരി പാതയെ അനിശ്ചിതത്വത്തിൽ നിന്ന് കരകയറ്റാൻ വിട്ടുവീഴ്ചകൾ ചെയ്തും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കൂട്ടായി ശ്രമിക്കേണ്ടതാണ്. അനിശ്ചിതത്വം തുടർന്നാൽ എസ്റ്റിമേറ്റ് ഇനിയും ഉയരും. തർക്കങ്ങളും പൊന്തിവരും. ശബരി പാത ജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും ആവശ്യമാണെന്ന ബോധത്തോടെ തർക്കങ്ങൾ അവസാനിപ്പിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കണം.