തിരുവനന്തപുരം:ആൽത്തറ-മേട്ടുക്കട റോഡിലെ പ്രധാന പൈപ്പ്ലൈൻ നിർമ്മാണം മൂലം ഇടറോഡുകളിലേയ്ക്ക് ഇന്റർകണക്ഷൻ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നീളുന്നു.ഏഴ് ഇന്റർകണക്ഷനാണ് ബാക്കിയുള്ളത്.വെള്ളിയാഴ്ച കുടിവെള്ളവിതരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ആന്റണി രാജു എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിന്റെ പശ്ചാത്തലത്തിൽ ജോലി വേഗം തീർക്കാൻ നിർദ്ദേശമുണ്ടായിരുന്നു.ജലവിതരണത്തിനായി സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട് 350 എം.എം ഡി.ഐ പൈപ്പ് സ്ഥാപിച്ചതിനാലാണ് ഇടറോഡുകളിലേയ്ക്കുള്ള പണി നീളുന്നത്. തൈയ്ക്കാട് മ്യൂസിക്ക് കോളേജിനു മുന്നിലും വഴുതയ്ക്കാട് ആനി മസ്ക്രീൻ സ്ക്വയറിനു സമീപത്തുമുള്ള ജോലി ആരംഭിച്ചു. ഇന്നത്തോടെ പൂർത്തിയാകുമെന്നാണ് സൂചന.ബാക്കി അഞ്ചെണ്ണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും.നിലവിലുള്ള കാസ്റ്റ് അയൺ പൈപ്പുകളുമായി ബന്ധിപ്പിക്കുന്ന ജോലിയാണ് ബാക്കിയുള്ളത്.ഒട്ടുമിക്ക ഭാഗങ്ങളിലും കുടിവെള്ളവിതരണം പുനഃസ്ഥാപിച്ചെങ്കിലും ശിശുവിഹാർ, ഉദാരശിരോമണി റോഡിലെ ഉയർന്ന ഭാഗങ്ങൾ,ഈശ്വരവിലാസത്തിലെ ചില ഭാഗങ്ങൾ, വലിയശാല എന്നിവിടങ്ങളിൽ മതിയായ മർദ്ദത്തിൽ ജലം ലഭിക്കുന്നില്ലെന്ന പരാതി ഇപ്പോഴുമുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു. സി.എസ്.എം നഗർ, പാലോട്ടുകോണം എന്നിവിടങ്ങിൽ കഴിഞ്ഞദിവസം തന്നെ പൂർണമായും വെള്ളം കിട്ടിത്തുടങ്ങി.