zf

തിരുവനന്തപുരം: സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ചിട്ടിക്ക് പകരം പ്രതിമാസ സമ്പാദ്യ പദ്ധതിയുമായി സഹകരണ വകുപ്പ്. ചിട്ടിക്ക് സമാനമായി ലേലവും നറുക്കെടുപ്പും ഉണ്ടാവും.

പദ്ധതി തുടങ്ങാൻ സഹകരണ വകുപ്പിന്റെ അനുമതി വാങ്ങണം. ഇതുമായി ബന്ധപ്പെട്ട് പുതിയ മാർഗരേഖ പുറത്തിറക്കി.

ലേലത്തുകയ്ക്ക് ജാമ്യം നൽകണം. തവണ മുടക്കിയാൽ പലിശ ഇടാക്കും. ബാങ്കുകളിലെ അംഗങ്ങൾക്ക് മാത്രമാണ് പദ്ധതിയിൽ ചേരാനാവുക. നിക്ഷേപം മുടക്കുന്ന അംഗങ്ങൾക്ക് അടച്ച തുക മാത്രമാവും തിരിച്ചു നൽകുക. ഇതിന് പകരം ഉൾപ്പെടുന്നയാൾ കുടിശിക ഒരുമിച്ച് നൽകണം. ഒരംഗത്തിന് അഞ്ചെണ്ണത്തിൽ വരെ ചേരാനാവും. പത്ത് ലക്ഷം രൂപ മുതൽ ബാങ്കിന്റെ മൂലധനം വിലയിരുത്തി പരമാവധി 25 ലക്ഷം രൂപവരെയുള്ള പ്രതിമാസ പദ്ധതിക്ക് അനുമതി നൽകാം.പക്ഷേ, നിലവിലുള്ള സമ്പാദ്യ പദ്ധതിയിലെ കുടിശിക കൂടി പരിഗണിച്ചാവും അനുമതി.

മാസ നിക്ഷേപം, ഗ്രൂപ്പ് നിക്ഷേപം എന്നീ പേരുകളിൽ നടത്തിയിരുന്ന ചിട്ടിക്ക് സമാനമായ പദ്ധതികൾ എല്ലാം ഇനി എം.എസ്.എസ് (പ്രതിമാസ സമ്പാദ്യ പദ്ധതി)എന്ന പേരിലാവും അറിയപ്പെടുക. സഹകരണ ധനകാര്യ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യാതെ ചിട്ടി നടത്തുന്നുവെന്ന് രജിസ്‌ട്രേഷൻ വകുപ്പ് സഹകരണ വകുപ്പിനെ അറിയിച്ചിരുന്നു. അതുകൊണ്ട് പദ്ധതി ചിട്ടിക്ക് സമാനമാണെന്ന് പരസ്യം ചെയ്യരുതെന്നും സഹകരണ രജിസ്ട്രാറുടെ ഉത്തരവിൽ വ്യക്തമാക്കി.

വാർഷിക ഓഡിറ്റിംഗ്

നിർബന്ധം

വാർഷിക ഓഡിറ്റിംഗ് നിർബന്ധമാണ്.
പദ്ധതികണക്കെഴുത്തിന് എകീകൃത രീതി
പദ്ധതി കാലാവധി 20 - 100മാസം വരെ
കുടിശികയില്ലാത്തവർക്ക് മാത്രമേ നറുക്കെടുപ്പിൽ പങ്കെടുക്കാവൂ.

ചിട്ടിയിൽ ക്രമക്കേട്

വാർഷിക ഓഡിറ്റിംഗ് നടക്കാത്തതിനാൽ ക്രമക്കേടുകൾ മറച്ചുവെയ്ക്കുന്നു. ചിട്ടിയുടെ തുക പിരിഞ്ഞു കിട്ടും മുമ്പേ സഹകരണ സംഘത്തിന്റെ അക്കൗണ്ടിൽ നിന്നു ചിട്ടിത്തുക നൽകുന്നതിനാൽ ധനശേഖരണത്തിൽ കുറവ്.

ലാഭ -നഷ്ടങ്ങൾ പരിശോധിക്കുന്നത് ചിട്ടിയുടെ സമയപരിധി കഴിഞ്ഞാണ്. പല സംഘങ്ങളും നഷ്ടത്തിൽ.