തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സംഭാവന സ്വീകരിക്കാൻ കോൺഗ്രസ് മൊബൈൽ ആപ്പ് പുറത്തിറക്കും. ഇതിലൂടെ ലഭിക്കുന്ന സംഭാവനകൾ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുടെ സംയുക്ത അക്കൗണ്ടിലാകും സമാഹരിക്കുക. ഓരോ മണ്ഡലം കമ്മിറ്റിയും 25,000 രൂപാവീതം സമാഹരിച്ച് ആപ്പിലൂടെ നൽകാനാണ് നിർദ്ദേശം. ഇതിനായി പ്രത്യേക കൂപ്പണോ രസീതോ ഉപയോഗിക്കാൻ പാടില്ല. മുസ്ലിംലീഗ് പുറത്തിറക്കിയ മൊബൈൽ ആപ്പിലൂടെ ഇതിനകം പത്തുകോടി രൂപ സമാഹരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകൾ കെ.പി.സി.സിയുടെ കൂടി പിന്തുണയോടെ പൂർത്തീകരിക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതിയിൽ അഭിപ്രായമുയർന്നത്. എട്ടുലക്ഷം രൂപാ വരെ ചെലവുവരുന്ന വീടുകൾ നിർമ്മിച്ച് നൽകാമെന്ന നിർദ്ദേശം യോഗത്തിലുയർന്നു. എന്നാൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. കോൺഗ്രസിന് പുറമേ യൂത്ത് കോൺഗ്രസ് മുപ്പതും പ്രവാസി കോൺഗ്രസ് സംഘടനയായ ഇൻകാസ് പത്തും കർണാടക സർക്കാർ 200 വീടുകളും നിർമ്മിച്ചു നൽകും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിക്കാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
യു.ഡി.എഫ്
യോഗം 19ന്
വയനാട് പുനരധിവാസുമായി ബന്ധപ്പെട്ട് സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ 19ന് യു.ഡി.എഫ് യോഗം ചേരും. പ്രവർത്തനങ്ങൾ ഏതുരീതിയിൽ നടത്തണമെന്നും എന്തിനൊക്കെ മുൻഗണന നൽകണമെന്നും ചർച്ച ചെയ്യും. നിർദ്ദേശങ്ങൾ ക്രോഡീകരിക്കാൻ വിദഗ്ദ്ധർ കൂടി ഉൾപ്പെട്ട ഉപസമിതിയെ ചുമതലപ്പെടുത്താനും ആലോചനയുണ്ട്.
റെയിൽവേ മന്ത്രിയുമായി
കൊടിക്കുന്നിലിന്റെ കൂടിക്കാഴ്ച
ന്യൂഡൽഹി : കേരളത്തിന്റെ റെയിൽവേ ആവശ്യങ്ങൾ സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി. ചെങ്ങന്നൂരിലും എറണാകുളത്തുമടക്കം നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണം, കൊട്ടാരക്കര, ശാസ്താംകോട്ട അടക്കമുള്ള റെയിൽവേ സ്റ്റേഷനുകളെ അമൃത് ഭാരത് പദ്ധതിയിൽ കൊണ്ടുവരണം, കുര, മൺറോതുരുത്ത്, ചെറിയനാട് സ്റ്റേഷനുകൾ ക്രോസിംഗ് സ്റ്റേഷനുകൾ ആയി അപ്ഗ്രേഡ് ചെയ്യണം, തിരുവനന്തപുരം - ഷൊർണൂർ മൂന്നാം അതിവേഗ പാത അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ കൊടിക്കുന്നിൽ മന്ത്രിയെ ധരിപ്പിച്ചു.
എം.വി.ഡിയിൽ
സ്ഥാനക്കയറ്റ,
സ്ഥലംമാറ്റ ഉത്തരവിറങ്ങി
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിൽ ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ തസ്തികകളിലേക്ക് സ്ഥാനക്കയറ്റ, സ്ഥലംമാറ്റ ഉത്തരവിറങ്ങി. നാല് ജോയിന്റ് ആർ.ടി.ഒമാർക്ക് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാരായി സ്ഥാനക്കയറ്റം നൽകി. 10 ആർ.ടി.ഒമാരെ സ്ഥലംമാറ്റി. മിനിസ്റ്റീരിയിൽ എൻഫോഴ്സ്മെന്റ് വിഭാഗങ്ങളിൽ നിന്നും 17 പേർക്ക് ജോയിന്റ് ആർ.ടി.ഒമാരായി സ്ഥാനക്കയറ്റം നൽകി. ഇതിന്റെ ഭാഗമായി 21 ജോയിന്റ് ആർ.ടി.ഒമാരെ സ്ഥലംമാറ്റി.
ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫീസ് മേധാവികളുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവുമാണ് നടപ്പായത്.