1

ശ്രീകാര്യം: ചെമ്പഴന്തി വയൽവാരം വീടിനു സമീപം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഓഫീസിനോടു ചേർന്ന് നിൽക്കുന്ന മുത്തശ്ശിപ്ലാവിന് വൃക്ഷായുർവേദ ചികിത്സയിലൂടെ പുതുജീവൻ നൽകും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം അധികൃതരുടെ നേതൃത്വത്തിലാണ് ചികിത്സ. ഗുരുകുലത്തിലെ തലയെടുപ്പും ചരിത്ര ശേഷിപ്പുകളിൽ ഒന്നുമായ മുത്തശ്ശിപ്ലാവിന് 300 മുതൽ 500 വർഷം വരെ പ്രായം കണക്കാക്കുന്നുണ്ട്.

രണ്ടാൾ പൊക്കമുള്ള തായ്ത്തടിയുടെ കാതൽ നശിച്ചുതുടങ്ങി. ശേഷിക്കുന്ന പ്ലാവിന്റെ ശിഖരങ്ങളിൽ ചക്കയുണ്ടാകാറുണ്ട്. ചുവട് തറ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനുവിന്റെ നേതൃത്വത്തിലാണ് ചികിത്സയൊരുങ്ങുന്നത്.

വിഴാലരി,പശുവിൻപാൽ,നെയ്യ്,ചെറുതേൻ,കദളിപ്പഴം,പാടത്തെ മണ്ണ്,ചിതൽപൂറ്റ്,മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്,രാമച്ചപ്പൊടി തുടങ്ങി 14 ചേരുവകളുള്ള ഔഷധക്കൂട്ട് തടിയിൽ പ്രത്യേക രീതിയിൽ തേച്ചുപിടിപ്പിച്ച് കോട്ടൺ തുണികൊണ്ട് പൊതിഞ്ഞു കെട്ടും. തുടർന്ന് 7 ദിവസം തുടർച്ചയായി 3 ലിറ്റർ പാൽ വീതം തടിയിൽ സ്പ്രേ ചെയ്യും. ശിവഗിരിയിലും അരുവിപ്പുറത്തും എത്തുന്ന തീർത്ഥാടകരിലേറെയും ചെമ്പഴന്തി വയൽവാരം വീടും മുത്തശ്ശിപ്ലാവും സന്ദർശിച്ചാണ് മടങ്ങാറുള്ളതെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.