കല്ലറ: വനദീപ്തി പദ്ധതി പ്രകാരം വനമേഖലയിൽ നട്ട ഫലവൃക്ഷങ്ങളുടെ പൊടിപോലും കാണാനില്ല. പകരം വളർന്നു പന്തലിച്ച് നിൽക്കുന്നത് അക്കേഷ്യയും മാഞ്ചിയവും. വനം വകുപ്പിന്റെ പാലോട് റേഞ്ചിലെ ഭരതന്നൂർ സെക്ഷനിൽ നെല്ലിക്കുന്ന് മേഖലകളിലാണ് ഈ പ്രതിഭാസം. പ്രദേശത്തെ ജനങ്ങളുടെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിലാണ് ഫലവൃക്ഷങ്ങൾ നട്ടത്. എന്നാൽ കൃത്യമായ പരിപാലനം ലഭിക്കാതെ തൈകൾ നശിച്ചു. വെട്ടിമാറ്റിയ മാഞ്ചിയത്തിന്റെയും അക്കേഷ്യയുടെയും ശേഷിപ്പുകളിൽനിന്ന് തൈകൾ വളർന്ന് വനമായി. വീണ്ടും മുളച്ച മരങ്ങൾ മുറിച്ചുമാറ്റി നല്ലയിനം ഫലവൃക്ഷങ്ങൾ നടണമെന്നും അവയ്ക്ക് ആവശ്യമായ പരിചരണം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 ജലാശയവും വറ്റി

വനം വകുപ്പിന്റെ നേതൃത്വത്തിൽ സ്വാഭാവിക വനം വെട്ടിമാറ്റി പെട്ടന്നുവളരുന്ന അക്കേഷ്യയും മാഞ്ചിയവും നട്ടു പിടിപ്പിച്ചതോടെ പ്രദേശത്തെ കുടിവെള്ളസ്രോതസുകൾ നശിക്കാൻ തുടങ്ങി,​ കിണറുകൾ വറ്റി. കുടിനീരിനായി വന്യമൃഗങ്ങൾ നാട്ടിലേക്ക് ചേക്കേറാൻ തുടങ്ങി. ഒപ്പം രോഗങ്ങളും വർദ്ധിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ പ്രക്ഷോഭത്തിലേക്ക് തിരിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ

ജനപ്രതിനിധികൾ ഉൾപ്പെടെ ഇടപെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ് അക്വേഷ്യയും മാഞ്ചിയവും മുറിച്ച് ഫലവൃക്ഷ തൈകൾ നടാൻ തീരുമാനിച്ചത്. പരിചരണമില്ലാതെ തൈകൾ നശിക്കുകയും പഴയമരങ്ങൾ മുളപൊട്ടുകയും ചെയ്തതോടെ വീണ്ടും വരൾച്ചയുടെയും രോഗത്തിന്റെയും ഭീതിയിലാണ് നാട്ടുകാർ.

 പദ്ധതി പ്രകാരം നട്ടത്:

 മാവ്, പ്ലാവ്, പേര, ഞാവൽ, ഇലഞ്ഞി, അമ്പഴം, നെല്ലി, കശുമാവ്, കാര. കണിക്കൊന്ന, ചെമ്പകം, വേപ്പ്, കാഞ്ഞിരം, ചന്ദനം, ആൽ, കൂവളം, താന്നി .

 മാതൃകയായി ഇളമ്പറക്കോട്

ഭരതന്നൂർ സെക്ഷനിലെതന്നെ ഇളമ്പറക്കോട് മേഖലയിൽ 48 വ്യത്യസ്ത ഇനങ്ങളിലെ ഫലവൃക്ഷങ്ങൾ നട്ട് വന ദീപ്തി പദ്ധതി കഴിഞ്ഞ അഞ്ചുവർഷമായി പരിപാലിക്കപ്പെടുന്നുണ്ട്. എന്നാൽ മറ്റ് പ്രദേശങ്ങളിലെല്ലാം ഈ പദ്ധതി അവതാളത്തിലാണ്. എല്ലായിടത്തും പദ്ധതി നടപ്പായാൽ നഴ്‌സറി പരിചരണത്തിലും പ്ലാന്റേഷൻ സംരക്ഷണത്തിലും നൂറുകണക്കിനാളുകൾക്ക് തൊഴിൽ ലഭിച്ചേനെ. ഒപ്പം ജലദൗർലഭ്യത്തിനും വന്യജീവി ആക്രമണത്തിനും കൃഷിനാശത്തിനും പരിഹാരമായേനെ.

പ്രതികരണം :

നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന ഭരതന്നൂർ എൽ.പി.എസിന് സമീപമാണ് അക്കേഷ്യവും മാഞ്ചിയവും വളർന്നുനിൽക്കുന്നത്. അക്കേഷ്യ പൂവ് ശ്വാസകോശ രോഗങ്ങൾക്ക് കാരണമാണ്, ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ് അവഗണിച്ചു കൊണ്ടുള്ള നിലപാട് കുട്ടികളോടുള്ള വെല്ലുവിളിയാണ്. (എം.എം.ഷാഫി, പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ്)