ശംഖുംമുഖം: തലസ്ഥാനത്തിന്റെ ആകാശപാതയിൽ അഞ്ച് ദിവസമായി മുകളിൽ നിരീക്ഷണ ക്യാമറകളും റഡാറും ഘടിപ്പിച്ച് പറക്കുന്ന വിമാനം ഒരേസമയം കൗതുകവും അമ്പരപ്പും ഉണ്ടാക്കി. വിമാനത്തിനു മുകളിൽ പ്രത്യേക റഡാർ ഘടിപ്പിച്ച് പറക്കുന്ന സംവിധാനമായ എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം (അവാക്സ്) എന്നറിയപ്പെടുന്ന അവാക്സ് വിമാനമാണ് ഇത്തരത്തിൽ തലസ്ഥാനത്തിന്റെ ആകാശത്ത് വട്ടമിട്ടത്. വ്യോമസേനയുടെ പ്രത്യേക നിരീക്ഷണ വിമാനമാണിത്. വ്യോമമാർഗമുളള ആക്രമണങ്ങളെ നിരീക്ഷിക്കുക, ആകാശത്തിലൂടെ പറക്കുന്ന സംശയാസ്‌പദമായ വിമാനങ്ങളുടെ സന്ദേശങ്ങളും സ്‌പന്ദനങ്ങളും പിടിച്ചെടുത്ത് വേണ്ട മുൻകരുതലെടുക്കുക എന്നിവയാണ് അവാക്സ് ചെയ്യുന്നത്. റഡാറുകളുടെ ദൃഷ്ടിയിൽപ്പെടാതെ താഴ്ന്നുപറക്കുന്ന വിമാനങ്ങളെ കണ്ടത്താനും ഇതിനുപുറമേ 400 കിലോമീറ്റർ അകലെ വരെയുള്ള വിമാനങ്ങളുടെയും മിസൈലുകളുടെയും സ്‌പന്ദനങ്ങൾ പിടിച്ചെടുക്കാനുള്ള കഴിവ് എന്നിവയും ഈ വിമാനങ്ങൾക്കുണ്ട്. മുമ്പ് റിപ്പബ്ളിക്ക് ദിനത്തിൽ പങ്കെടുക്കാൻ യു.എസ് പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമ ഇന്ത്യയിലെത്തിയപ്പോൾ, റിപ്പബ്ളിക്ക് ദിന പരേഡ് അവസാനിക്കുന്നതുവരെ പ്രതിരോധവുമായി ഡൽഹിയുടെ ആകാശത്ത് അവാക്‌സ് വിമാനങ്ങളെ വിന്യസിച്ചിരുന്നു. പരിശീലനപ്പറക്കലിന്റെ ഭാഗമായിട്ടാണ് ഇവ ഇപ്പോൾ തലസ്ഥാനത്തെത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതിനൊപ്പം നാവിക - വ്യോമ പാതകളിലേയും അയൽരാജ്യങ്ങളായ ശ്രീലങ്ക,മാലി തുടങ്ങിയ രാജ്യങ്ങളുടെ പ്രാധാന്യങ്ങൾകൂടി കണക്കിലെടുത്തുമാണ് തലസ്ഥാനത്തിന്റെ ആകാശത്ത് അവാക്‌സ് വിമാനം പരിശീലനപ്പറക്കൽ നടത്തുന്നത്.