തിരുവനന്തപുരം: അന്താരാഷ്ട്ര സിംഹദിനത്തിന്റെ ഭാഗമായി മൃഗശാല സംഘടിപ്പിച്ച സിംഹദിന പ്രശ്‌നോത്തരി മത്സരം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മൃഗശാലയിലേക്ക് കഴിഞ്ഞ വർഷമെത്തിച്ച പുതിയ സിംഹങ്ങളുടെ പേരെന്താണെന്ന മന്ത്രിയുടെ ചോദ്യത്തോടെയായിരുന്നു പ്രശ്‌നോത്തരിക്ക് തുടക്കമായത്. മൃഗശാലയിലെത്തിയ സന്ദർശകരായിരുന്നു മത്സരാർത്ഥികൾ. ശരിയുത്തരം പറഞ്ഞ 57 പേർക്ക് നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലേക്കുള്ള ടിക്കറ്റ് സൗജന്യമായി നൽകി. മത്സരത്തിനു ശേഷം സിംഹങ്ങളെയും ഹിപ്പൊപ്പൊട്ടാമസിനെയും കണ്ടശേഷമാണ് മന്ത്രി മടങ്ങിയത്. മൃഗശാല ഡയറക്ടർ മഞ്ജുള ദേവി, സൂപ്രണ്ട് രാജേഷ്, നാഷണൽ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് പി .വി വിജയലക്ഷ്മി, ക്യുറേറ്റർ സംഗീത മോഹൻ തുടങ്ങിയവർ പങ്കെടുത്തു.