നെടുമങ്ങാട്: ഉൾപ്രദേശങ്ങളിൽ നിന്ന് താലൂക്കാസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന കുട്ടികളുടെ യാത്ര ദുരിതപൂർണം.

കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസായ നെടുമങ്ങാട് ഡിപ്പോയിലെ ഡ്യൂട്ടി പരിഷ്കരണമാണ് ഈ ദുരവസ്ഥയ്ക്ക് വഴിവച്ചിരിക്കുന്നത്. നെടുമങ്ങാട് സർക്കാർ കോളേജ്, ആനാട് എസ്.എൻ.വി.എച്ച്.എസ്.എസ്, ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന പെരിങ്ങമ്മല, നന്ദിയോട്, ആനാട് ഭാഗങ്ങളിലെ കുട്ടികളാണ് മടക്കയാത്രയ്ക്ക് ബസില്ലാതെ പെരുവഴിയിലായത്.
കല്ലറ,ഭരതന്നൂർ,വിതുര,നന്ദിയോട് ഭാഗങ്ങളിൽ പോയി പഠിക്കുന്ന കുട്ടികളും നെട്ടോട്ടമോടുകയാണ്. നൂറോളം കൺസെഷൻ വിദ്യാർത്ഥികൾ അമിത നിരക്ക് നൽകി ഫാസ്റ്റ് പാസഞ്ചറിനെയും സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കണം.

ഓർഡിനറി നിറുത്തലാക്കി

നെടുമങ്ങാട് ഡിപ്പോയിൽ നിന്നും സർവീസ് നടത്തിയിരുന്ന മുള്ളുവേങ്ങമൂട്-പച്ചമല ഓർഡിനറി നിറുത്തലാക്കിയിട്ട് ഏറെനാളായി. ബ്രൈമൂർ എസ്റ്റേറ്റ്,ഇടിഞ്ഞാർ ആദിവാസി പ്രദേശങ്ങളിലേക്കും വൈകുന്നേരത്ത് ബസില്ല. ഫാസ്റ്റ് സർവീസിൽ പാലോട് ഇറങ്ങി, 8കി.മീറ്റർ വനമേഖലയിലൂടെ ഓട്ടോ പിടിച്ചു പോകണമെന്ന അവസ്ഥയാണ് ഇടിഞ്ഞാർ,മങ്കയം,വിട്ടിക്കാവ് പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക്.

പാലോട് നിന്ന് അഞ്ച് മണിക്ക് ഫാസ്റ്റ് പുറപ്പെട്ടാൽ പിന്നെ രാത്രി എട്ടരയ്ക്കേ ഇടിഞ്ഞാർ ഭാഗത്തേക്ക് സർവീസുള്ളു. ആനാട് പഞ്ചായത്തിലെ മുള്ളുവേങ്ങമൂട്,കുന്നത്തുമല, ശാസ്താംപാറ, കൂപ്പ്, വെമ്പ്, പാണയം, തേക്കുമൂട് നിവാസികളുടെ ആശ്രയമായിരുന്നു പച്ചമല ബസ്. ഇവിടങ്ങളിലെ വിദ്യാർത്ഥികൾ വഞ്ചുവം, തൊളിക്കോട്, മുള്ളുവേങ്ങമൂട് എന്നിവിടങ്ങളിൽ ഇറങ്ങി, ഓട്ടോ പിടിക്കണം. 200 രൂപ വേണം ഒരുഭാഗത്തേക്ക് യാത്ര ചെയ്യാനായി.

എവിടെ 'ഗ്രാമവണ്ടി""

വിദ്യാർത്ഥികളുടെ സൗകര്യത്തിന് പുതിയ ഷെഡ്യൂൾ തുടങ്ങാൻ കഴിയില്ലെന്നാണ് ഡി.ടി.ഒ പറയുന്നത്. കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് ആവിഷ്കരിച്ച ഗ്രാമവണ്ടി പദ്ധതിയിലുൾപ്പെടുത്തി കുട്ടികൾക്കായി സർവീസ് തുടങ്ങാനാവും. അതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് അഡ്വാൻസ് പേയ്‌മെന്റ് ചെയ്യണം. ഡി.ടി.ഒയുടെ കടുംപിടിത്തത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് വിദ്യാർത്ഥിസംഘടനകളും രക്ഷകർത്താക്കളും.

ഗ്രാമീണ വിദ്യാർത്ഥികളുടെ യാത്ര ദുരിതം പരിഹരിച്ചില്ലെങ്കിൽ നെടുമങ്ങാട് ഡി.ടി.ഒയെ ഉപരോധിക്കും.

വി.രജി ബന്നറ്റ് (പ്രസിഡന്റ്, യുവകർഷക സമിതി)