കാട്ടാക്കട: മണ്ണിടിച്ചിലിൽ അപകട നിലയിലായി കള്ളിക്കാട്- നെയ്യാർ ഡാം റോഡ്. തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിൽ നിന്നും കാട്ടാക്കടയിലേക്കുള്ള റോഡാണ് അപകടാവസ്ഥയിലായത്. നെയ്യാർഡാം ആശുപത്രിയിക്കും പെരിഞ്ഞാംകടവ് പാലത്തിനും ഇടയിലാണ് മണ്ണിടിച്ചിലുണ്ടായത്. എന്നിട്ടും റോഡിനെ സംരക്ഷിക്കാൻ നടപടി വൈകുന്നതിൽ പ്രദേശവാസികൾക്ക് ശക്തമായ പ്രതിഷേധമുണ്ട്.
റോഡിലെ മണ്ണിടിഞ്ഞ് നെയ്യാർ വലത്കര കനാലിലേക്ക് പതിച്ച് നീരൊഴുക്കു തടസപ്പെടുകയാണ്. ശക്തമായ മഴയുള്ളതിനാൽ പ്രധാന റോഡ് അപകടത്തിലാണ്. നെയ്യാർഡാം മുതൽ വലതുകര കനാലിനോട് ചേർന്നാണ് പ്രധാന റോഡ് നിലനിൽക്കുന്നത്.
മണ്ണിടിഞ്ഞ് കിടക്കുന്ന പ്രദേശങ്ങൾ കാട് മൂടിക്കിടക്കുന്ന അവസ്ഥയിലാണ്. ഈ പ്രദേശത്ത് ഏകദേശം 300മീറ്ററോളം മണ്ണിടിഞ്ഞിട്ടുണ്ട്. കനാലിലേക്ക് മണ്ണിടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിച്ച് മണ്ണിടിച്ചിൽ തടയാനുള്ള നടപടികൾ ഇറിഗേഷൻ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
രണ്ട് വർഷങ്ങൾക്ക് മുൻപും ഇവിടെ മണ്ണിടിച്ചിലുണ്ടായി. അന്നും എം.എൽ.എ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി നിജസ്ഥിതി മനസ്സിലാക്കിയിട്ടും നടപടിയുണ്ടായില്ല.
ബോർഡ് സ്ഥാപിച്ചിട്ടില്ല
മഴ ശക്തമാകുമ്പോൾ കനാലിലേക്ക് മണ്ണിടിച്ചിൽ പതിവാണ്. പ്രധാന റോഡിൽ മണ്ണിടിച്ചിൽ തുടങ്ങി.
ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് നെയ്യാർ ഡാമിലെത്തുന്നത്. തദ്ദേശീയരും വിദേശീയരുമായ സഞ്ചാരികളുടെ ആയിരക്കണക്കിന് വാഹനങ്ങളും ഇതിലൂടെ പോകുന്നുണ്ട്.
മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് ബോർഡ് സ്ഥാപിക്കാതെ വന്നപ്പോൾ നെയ്യാർഡാം പൊലീസ് ഈ പ്രദേശം റിബൺ കെട്ടി തിരിച്ചിരിക്കുകയാണിപ്പോൾ. ഇതു ശ്രദ്ധിക്കാതെ വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനും സാദ്ധ്യത കൂടുതലാണ്.
നടപടിയുണ്ടാകണം
2024ലെ ഓണാഘോഷ പരിപാടികൾ നടക്കുമ്പോൾ ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളെത്തും. വാഹനത്തിരക്കും ഉണ്ടാകും. അടിയന്തരമായി ഓണക്കാലത്തിന് മുൻപ് നെയ്യാർഡാമിലേക്കുള്ള റോഡ് സുരക്ഷിതമാക്കാൻ നടപടിയുണ്ടാകണം.