കല്ലറ : മഴ മാറിയതോടെ റബ്ബറിനും നല്ല വില കിട്ടിത്തുടങ്ങി. ഒരു പതിറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലേക്ക് റബ്ബറെത്തിയതോടെ കർഷകരും ഉത്സാഹത്തിലാണ്. വിലക്കുറവു കാരണം ലാറ്റക്സും ഒട്ടുപാലുമാക്കിയിരുന്നവർ റബ്ബർ വില ഉയർന്നതോടെ ഷീറ്റിലേക്ക് തിരിഞ്ഞു. ഒട്ടുപാലിനിന്ന് 160 മുതൽ 180 രൂപ വരെയാണ് വില.

നിർത്താത്ത മഴയും വിലക്കുറവും കാരണം പല തോട്ടങ്ങളിലും ടാപ്പിംഗ് നിർത്തി വച്ചിരിക്കുകയായിരുന്നു. ടാപ്പിംഗ് നടത്തിയാൽ പലപ്പോഴും കൂലി കൊടുക്കാൻ തികയാത്ത സ്ഥിതിയും ഉണ്ടായിട്ടുണ്ട്. പല തോട്ടമുടമകളും ഫെബ്രുവരിയിൽ ടാപ്പിംഗ് നിർത്തിയിട്ട് പിന്നെ ആരംഭിച്ചിരുന്നില്ല. റബ്ബർ തോട്ടങ്ങളിൽ കുരുമുളക് പടർത്തിയവരുമുണ്ട്.

മറ്റുപല തോട്ടങ്ങളും കാടു കയറി വന്യജീവികളുടെ താവളമായി മാറിയിരുന്നു. ടാപ്പിംഗ് തൊഴിലാളികൾ തൊഴിലുപേക്ഷിച്ച് മറ്റു മേഖലകൾ തേടിപ്പോയി. എന്നാൽ വില വർദ്ധിച്ചതോടെ ചെറിയ മഴയിലും ടാപ്പിംഗ് നടത്താൻ പല തോട്ടം ഉടമകളും തുടങ്ങി. ഇനിയുള്ള ഒരു മാസം ടാപ്പിംഗ് ലഭിച്ചാൽ ഓണം ആഘോഷമാക്കാമെന്ന് തോട്ടം ഉടമകളും തൊഴിലാളികളും പറയുന്നു. ഒരു മരം ടാപ്പിംഗ് ചെയ്യുന്നതിന് 2 രൂപ മുതൽ 2.50 രൂപ വരെ കൂലിയുണ്ട്.

രാജ്യാന്തര വില താഴുമ്പോഴും ആഭ്യന്തരവിപണിയിലെ ഉയർച്ച മലയോരക്കർഷകരെ സന്തോഷത്തിലാക്കുന്നു.

 ഇന്നത്തെ വില - 240

 കഴിഞ്ഞ വർഷം - 90 മുതൽ 110 രൂപ വരെ

വില കൂടാനുള്ള കാരണങ്ങൾ:

ടയർ നിർമ്മാതാക്കൾ മാത്രമല്ല ചെരുപ്പ് നിർമ്മാതാക്കളും ഉയർന്ന വിലയിൽ റബ്ബർ വാങ്ങാൻ തുടങ്ങി

ആഭ്യന്തര വിപണിയിലെ റബ്ബർ ക്ഷാമം

മഴക്കാല ടാപ്പിംഗ് കുറഞ്ഞു, റെയിൻ ഗാർഡിംഗ് നടന്നില്ല

മേയ് - ജൂലായിലെ ലാറ്റക്സിന്റെ വിലക്കയറ്റം, ഷീറ്റ് നിർമ്മാണം കുറച്ചു

കുറഞ്ഞു നിന്ന രാജ്യാന്തര വില ഇപ്പോൾ 200 കടന്നു

മേയ് - ജൂൺ മാസങ്ങളിലെ കണ്ടെയ്നർ ക്ഷാമം ചരക്കു നീക്ക ചെലവ് കൂട്ടി