blood

തിരുവനന്തപുരം: രക്തം ആവശ്യമുള്ള രോഗിക്ക് സൗജന്യമായി അതൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സായിഗ്രാമത്തിന്റെ നേതൃത്വത്തിൽ ടെക്നോപാർക്കിൽ ഒരുങ്ങുന്ന ബ്ലഡ് സെന്റർ. പ്ലേറ്റ്‌ലറ്റും മറ്റു ഘടങ്ങളുമെല്ലാം ലഭിക്കും. സൗജന്യമായതിനാൽ സർക്കാർ ആശുപത്രികൾക്ക് മാത്രമേ ലഭ്യമാക്കൂ. സർക്കാർ സൗജന്യമായി അനുവദിച്ച ടെക്നോപാർക്കിലെ നിള ബിൽഡിംഗിന്റെ താഴത്തെ 5000 സ്‌ക്വയർഫീറ്റ് സ്ഥലത്താണ് ബ്ലഡ് സെന്റർ.

തോന്നയ്‌ക്കൽ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ നേതൃത്വത്തിൽ കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെയും ടെക്‌നോപാർക്കിലെ സന്നദ്ധസംഘടനയായ തേജസിന്റെയും സഹകരണത്തോടെയാണ് വിദേശ രാജ്യങ്ങളിലേതിന് സമാനമായ സെന്റർ ഒരുങ്ങുന്നത്. അടുത്ത മാസം അവസാനത്തോടെ പൂർണസജ്ജമാകും. 24 മണിക്കൂറും പ്രവർത്തിക്കും.

ശസ്ത്രക്രിയയ്‌ക്കുൾപ്പെടെ മറ്റു ജില്ലകളിൽ നിന്നുവരെ കൂടുതൽ രോഗികൾകളെത്തുന്ന തലസ്ഥാനത്താണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. അതിനു ശേഷം മറ്റു ജില്ലകൾക്കും ബ്ലഡ‌് സെന്റർ ആശ്രയമാകും. ആറു മാസം മുമ്പ് പരീക്ഷണാടിസ്ഥത്തിൽ ബ്ലഡ് കളക്ഷൻ ആരംഭിച്ചു. ഇതുവരെ ആയിരത്തോളം പേർ രക്തം നൽകി. ബ്ലഡ്ബാങ്കിന്റെ ലൈസൻസിനാവശ്യമായ നടപടികൾ അന്തിമഘട്ടത്തിലാണ്. ടെക്നോപാർക്കിൽ 70,000 ജീവനക്കാരുണ്ട്. ജോലിയ്ക്കിടെ ആശുപത്രികളിലെത്തി രക്തദാനം ചെയ്യാൻ ഇവർക്ക് സാധിക്കില്ല. ഇനിമുതൽ ഇവർക്ക് ബ്ലഡ് സെന്ററിലെത്തി മിനിട്ടുകൾക്കുള്ളിൽ രക്തം നൽകി മടങ്ങാം.

ദിവസം വേണ്ടത് 500 യൂണിറ്റ്

 തിരുവനന്തപുരത്ത് ഒരു ദിവസം വേണ്ടത് 500 യൂണിറ്റ്

 നിലവിൽ തലസ്ഥാനത്ത് ഒരു ദിവസത്തെ ക്ഷാമം 250യൂണിറ്റ്

 കൂടുതൽ രക്തം വേണ്ടത് ആർ.സി.സി, ശ്രീചിത്ര, മെഡിക്കൽ കോളേജ്

 ആരോഗ്യമുള്ളവർക്ക് 65 വയസു വരെ രക്തം നൽകാം

 പുരുഷന് 3 മാസത്തിലൊരിക്കലും സ്ത്രീക്ക് 4മാസത്തിലൊരിക്കലും രക്തം നൽകാം
 ദാനംചെയ്യുന്ന 350 മില്ലി രക്തം 48 മണിക്കൂറിനുള്ളിൽ ശരീരത്തിൽ തിരിച്ചെത്തും

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താത്പര്യമാണ് ഇതിന് പിന്നിൽ. വിഷയം ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ സൗജന്യമായി സ്ഥലം അനുവദിച്ചു.

-കെ.എൻ. ആനന്ദകുമാർ

ചെയർമാൻ, കമ്മ്യൂണിറ്റി ബ്ലഡ് സെന്റർ