തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാളിച്ചകൾ പ്രഥമാദ്ധ്യാപകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായി ഖാദർ കമ്മിറ്റി റിപ്പോർട്ട്.കുറഞ്ഞ ഫണ്ടും അനുവദിക്കുന്നതിലെ കാലതാമസവും പദ്ധതി തകിടം മറിക്കുകയാണ്. അരിയൊഴികെ മുഴുവൻ സാധനങ്ങളും വാങ്ങേണ്ട ഉത്തരവാദിത്വം പ്രഥമാദ്ധ്യാപകർക്കാണ്. കുറഞ്ഞ നിരക്കിലുള്ള ഫണ്ട് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നു. ഇതുകാരണം ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന മെനു നടപ്പിലാക്കാനാവുന്നില്ല. പോഷകസമൃദ്ധമായ ഭക്ഷണത്തിനായി കൂടുതൽ തുക കണ്ടെത്തി സുതാര്യമായി വിതരണം ചെയ്യണം. ഇതിനായി ജനപങ്കാളിത്തം ഉറപ്പാക്കാം. അടുത്തുള്ള സ്കൂളുകൾ ഏകോപിപ്പിച്ച് കേന്ദ്രീകൃത അടുക്കളകൾക്ക് ശ്രമിക്കണം.
ഖാദർ കമ്മിറ്റി കരടുനിർമ്മാണ വേളയിൽ പ്രഥമാദ്ധ്യാപകർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ:
1.അരി, ധാന്യം, പാൽ, മുട്ട എന്നിവ സർക്കാർ എത്തിക്കണം.
2. പച്ചക്കറി, പലവ്യഞ്ജനം, ഇന്ധനം എന്നിവയുടെ വില പരിഷ്കരിച്ച് മുൻകൂർതുക പി.ടി.എ/എസ്.എം.സി./എൽ.എസ്.ജി.ഡിയെ ഏൽപ്പിക്കുക.
3. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ പ്രഭാതഭക്ഷണം നൽകുക.
4. പാചകത്തൊഴിലാളികൾക്ക് തൊഴിൽപരിശീലനം, വൈദ്യപരിശോധന
5. കുടുംബശ്രീ/ അയൽക്കൂട്ടങ്ങൾ വഴിയുള്ള പച്ചക്കറികൃഷിയിലൂടെ വിളവുകൾ കുറഞ്ഞ നിരക്കിലെത്തിക്കണം.
ഉച്ചഭക്ഷണ പദ്ധതി
12-ാം ക്ളാസ് വരെ
എട്ടാംക്ലാസ് വരെ നൽകിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഘട്ടം ഘട്ടമായി 12 -ാം ക്ളാസ് വരെ വ്യാപിപ്പിക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. ആവശ്യക്കാരായ മുഴുവൻ കുട്ടികളെയും ഉച്ചഭക്ഷണപരിധിയിൽ കൊണ്ടുവരണം.
..............................
പ്രഥമാദ്ധ്യാപകർ ഉന്നയിച്ച ആവശ്യങ്ങളിൽ ബഹുഭൂരിപക്ഷം ഖാദർ കമ്മിറ്റി അംഗീകരിച്ച സാഹചര്യത്തിൽ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിലാക്കണം.
ജി. സുനിൽകുമാർ
ജനറൽ സെക്രട്ടറി
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോ.
നാടാർ വിദ്യാഭ്യാസ
സംവരണം ഒറ്റ
ഗ്രൂപ്പായി നടപ്പാക്കണം
തിരുവനന്തപുരം: നാടാർ സമുദായത്തെ കേന്ദ്രസർക്കാർ ഉദ്യോഗപട്ടികയിൽ ഉൾപ്പെടുത്തിയ മാതൃകയിൽ ഏഴു ശതമാനം വിദ്യാഭ്യാസ സംവരണം ഒറ്റ ഗ്രൂപ്പായി നടപ്പാക്കണമെന്ന് നാടാർ സംയുക്തസമിതി പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു. വിവിധ നാടാർ സംഘടനകൾ ചേർന്ന് രൂപീകരിച്ച സംയുക്ത സമിതിയുടെ പ്രതിനിധി സമ്മേളനം വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അയ്യൻകാളിഹാളിൽ നടന്ന ചടങ്ങിൽ കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ് അദ്ധ്യക്ഷനായിരുന്നു.
ചലച്ചിത്രതാരം പ്രേംകുമാർ മുഖ്യാതിഥിയായി. എം.എൽ.എ.മാരായ എം.വിൻസന്റ്, ജി.സ്റ്റീഫൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി ,വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, നാടാർ സർവീസ് ഫോറം ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ, നാടാർ സർവീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽകുമാർ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വെങ്ങാനൂർ ബ്രൈറ്റ് എന്നിവർ സംസാരിച്ചു.മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, മുൻ പി.എസ്.സി അംഗം പരശുവയ്ക്കൽ രാജേന്ദ്രൻ, കുയിലി നാടാച്ചി തിരുനെൽവേലി, ഗവേഷകവിദ്യാർത്ഥി ജോൺ വില്യംസ് എന്നിവർ പ്രബന്ധാവതരണം നടത്തി. ജാതിമാറ്റം നടത്തുന്ന തരത്തിൽ വ്യാജ ജാതിസർട്ടിഫിക്കറ്റുകൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന്ആവശ്യപ്പെട്ടു. കെ.എം.എം.എസ് സംസ്ഥാന രജിസ്ട്രാർ കെ.പി സൂരജ് നന്ദി പറഞ്ഞു.
കാട്ടാന സംഘർഷം:
അന്താരാഷ്ട്ര
സമ്മേളനം ഇന്ന്
തിരുവനന്തപുരം: കാട്ടാന-മനുഷ്യ സംഘർഷം നേരിടുന്നത് സംബന്ധിച്ച് കർണാടക സർക്കാർ ഇന്ന് ബംഗളൂരിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ലോക ഗജദിനത്തോട് അനുബന്ധിച്ചാണ് സമ്മേളനം. കേരളത്തിൽ വന്യജീവി സംഘർഷം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ കർണാടക വനംമന്ത്രി അടക്കമുള്ളവരുമായി മന്ത്രിതല സംഘം ചർച്ച നടത്തും. വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിൽ ആഗോളതലത്തിൽ സ്വീകരിക്കുന്ന നടപടികളും അനുഭവങ്ങളും സമ്മേളനത്തിൽ വിദഗ്ദ്ധർ പങ്കുവയ്ക്കും. കേരളത്തിൽ നിന്ന് വനം അഡി. ചീഫ് സെക്രട്ടറി,മുഖ്യ വനം മേധാവി,ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.